ശബരിമല: ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളും പ്രശ്‌നങ്ങളും ഒന്നുമുണ്ടായിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.
കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസം 5,53,922 പേരാണ് വന്നത്. ഇത്തവണ 9,13,437 പേര്‍ ദര്‍ശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മൂന്നര ലക്ഷത്തിലധികം പേര്‍ അധികമായി വന്നു.
കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസം കൊണ്ട് 47,12,01536 രൂപയുടെ വരുമാനമാണ് ഉണ്ടായതെങ്കില്‍ ഈ വര്‍ഷം 63,01,14111 രൂപ വരുമാനം ലഭിച്ചു. 15,89,12575 രൂപ കൂടുതല്‍ ലഭിച്ചു. മാളികപ്പുറത്തെ അനാചാരങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ കുറിച്ച് തന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി തുടങ്ങും. മഞ്ഞള്‍പ്പൊടിയും വസ്ത്രങ്ങളും നിക്ഷേപിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും.
അനാചാരങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. ജീവനക്കാരെ നിയോഗിക്കും. പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാര്യങ്ങള്‍ പഠിച്ചാണ് പോലീസ് ഇത്തവണ പ്രവര്‍ത്തിക്കുന്നതെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. കുറ്റമറ്റ രീതിയിലാണ് തിരക്ക് നിയന്ത്രിക്കുന്നത്. പോലീസിനെ അഭിനന്ദിക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു