ശബരിമല തീര്‍‌ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന; ഇന്നലെ അയ്യനെ കാണാനെത്തിയത് 93,034 പേര്‍

ഒരു ദിവസം ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധന. ഇന്നലെ മാത്രം മല ചവിട്ടി 93,034 അയ്യപ്പന്മാരാണ് സന്നിധാനത്തെത്തിയത്.

ഈ തീർത്ഥാടന കാലത്ത് ഏറ്റവും കൂടുതല്‍ ഭക്തർ ദർശനം നടത്തിയത് തിങ്കളാഴ്ചയായിരുന്നു.

സ്പോട്ട് ബുക്കിംഗ് വഴി ഇന്നലെ 19,110 പേരാണ് എത്തിയത്. ഡിസംബർ അഞ്ചിന് 92,562 പേർ എത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. വരും ദിവസങ്ങളില്‍ തിരക്കേറുമെന്നാണ് വിലയിരുത്തല്‍. 25-നാണ് തങ്കി അങ്കി ചാർത്തിയുള്ള ദീപാരാധന.

കാനന പാതയിലൂടെ എത്തുന്ന തീർത്ഥാടകർക്ക് പ്രത്യേക ക്രമീകരണമേർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് പറഞ്ഞിരുന്നു. കാനന പാതയിലൂടെ എത്തുന്ന തീർത്ഥാടകർക്ക് സന്നിധാനത്ത് ക്യൂ നില്‍ക്കാതെ ദർശനം നടത്താം. ഇതിനായി എരുമേലി, പുല്ലുമേട് എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക പാസ് നല്‍കും. വനം വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക ടാഗ് നല്‍കാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്.

മഴയും വൃശ്ചിക മാസത്തിലെ മഞ്ഞും ഭക്തരെ ബാധിക്കുന്നേയില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസങ്ങളിലായി സന്നിധാനത്ത് കനത്ത മഴ പെയ്തിരുന്നു. പമ്ബ ത്രിവേണി ഒഴികെയുള്ള സ്ഥലങ്ങളില്‍ നദികളില്‍ ഇറങ്ങുന്നതിനും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *