വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേർന്ന് പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷം ടെക്കിയായ യുവാവ് ജീവനൊടുക്കി.
ബെംഗളൂരുവിലാണ് സംഭവം. ബിഹാർ സ്വദേശിയായ അതുല്‍ സുഭാഷി(34)നേയാണ് മഞ്ജുനാഥ് ലേഔട്ടിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പിന്റേയും മരണത്തെ കുറിച്ച് ലഭിച്ച പരാതിയുടേയും അടിസ്ഥാനത്തില്‍ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തു.
ഫ്ളാറ്റിലെത്തിയ അയല്‍വാസികളാണ് അതുലിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 24 പേജുള്ള ആത്മഹത്യാക്കുറിപ്പാണ് അതുല്‍ തയ്യാറാക്കിയിരുന്നത്. അതില്‍ ഭാര്യയ്ക്കെതിരേയും ഭാര്യവീട്ടുകാർക്കെതിരേയുമുള്ള ആരോപണങ്ങളാണുണ്ടായിരുന്നത്. കൂടാതെ അടുത്ത സുഹൃത്തുക്കള്‍ക്ക് ജീവനൊടുക്കുന്ന കാര്യമറിയിച്ച് ഇമെയിലുകളും അതുല്‍ അയച്ചിരുന്നു. ഭാര്യയും ബന്ധുക്കളും ചേർന്ന് അതുലിനെതിരേ വ്യാജകേസുകള്‍ നല്‍കിയിരുന്നതായും കേസുകള്‍ പിൻവലിക്കുന്നതിനായി മൂന്ന് കോടി രൂപ ആവശ്യപ്പെട്ടിരുന്നതായും അതുലിന്റെ സഹോദരൻ ബികാസ് കുമാർ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഭാര്യ, ഭാര്യയുടെ കുടുംബാംഗങ്ങള്‍, ഉത്തർപ്രദേശിലെ ഒരു ജഡ്ജി എന്നിവർക്കെതിരേയുള്ള ആരോപണങ്ങളാണ് അതുല്‍ ചിത്രീകരിച്ച വീഡിയോയിലുള്ളത്. വ്യാജകേസുകള്‍ വർധിക്കുന്നതില്‍ രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും പങ്കുണ്ടെന്നും കാണിച്ച് രാഷ്ട്രപതിയ്ക്ക് അതുല്‍ എഴുതിയ കത്തും കണ്ടെടുത്തിട്ടുണ്ട്. തനിക്കെതിരേയുള്ള എല്ലാ വ്യാജകേസുകളും പിൻവലിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെടുന്ന കുറിപ്പും അതുല്‍ സൂക്ഷിച്ചിരുന്നു. തന്റെ മാതാപിതാക്കളേയും സഹോദരനേയും സ്ത്രീധനനിരോധനനിയമത്തിനുകീഴില്‍ വരുന്ന കേസുകളുടെ പേരില്‍ തുടർന്ന് ഉപദ്രവിക്കരുതെന്നും അതുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2019ല്‍ മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് വധുവിനെ കണ്ടെത്തിയതെന്നും അടുത്തകൊല്ലം വിവാഹിതരായെന്നും അതുല്‍ വീഡിയോയില്‍ പറയുന്നു. ഭാര്യയുടെ വീട്ടുകാർ നിരന്തരം പണം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായും ലക്ഷങ്ങള്‍ നല്‍കിയതായും തുടർന്ന് പണം നല്‍കില്ലെന്ന് അറിയിച്ചതോടെ 2021ല്‍ ഭാര്യ മകനേയും കൂട്ടി വീടുവിട്ടതായും അതുല്‍ പറയുന്നു. തൊട്ടടുത്ത കൊല്ലം താൻ സ്ത്രീധനം ചോദിച്ചതായും കൊലപാതകശ്രമത്തിനും പ്രകൃതിവിരുദ്ധലൈംഗികതയ്ക്ക് പ്രേരിപ്പിച്ചതായുമുള്ള കുറ്റങ്ങള്‍ തനിക്കെതിരേ ആരോപിച്ച് കേസുകള്‍ നല്‍കിയതായും അതുല്‍ തുടരുന്നു. പിന്നീടാണ് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് ഭാര്യ രംഗത്തെത്തിയതെന്നും വീഡിയോയില്‍ അതുല്‍ പറയുന്നു. ഭാര്യയുടെ അമ്മയുള്‍പ്പെടെ തന്നെ മാനസികമായി പീഡിപ്പിച്ചതായും അതുല്‍ ആരോപിക്കുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)