വൈവിധ്യപൂര്‍ണമായ സംസ്‌കാരം ആഘോഷിക്കപ്പെടുകയാണെന്ന് ബൈഡൻ; വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്തോ-അമേരിക്കൻ കോണ്‍ഗ്രസ് പ്രതിനിധികളും, എക്‌സിക്യുട്ടീവുകളും ഇന്തോ-അമേരിക്കൻ വംശജരും ഉള്‍പ്പെടെ 600ഓളം പേരെ ചടങ്ങില്‍ ജോ ബൈഡൻ അഭിസംബോധന ചെയ്തു.

പ്രഥമ വനിത ജില്‍ ബൈഡനൊപ്പം ചേർന്ന് ബ്ലൂ റൂമിലെ ദീപാവലി വിളക്ക് കൊളുത്തിക്കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ദീപാവലി ദിവസവും വൈറ്റ്ഹൗസില്‍ ആഘോഷ പരിപാടികള്‍ നടക്കും.

പ്രസിഡന്റ് എന്ന നിലയില്‍ വൈറ്റ് ഹൗസിലെ ഏറ്റവും മികച്ച ദീപാവലി ആഘോഷങ്ങള്‍ നടത്താൻ തനിക്ക് സാധിച്ചുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ജോ ബൈഡൻ പറഞ്ഞു. കമല ഹാരിസില്‍ തുടങ്ങി തന്റെ അംഗങ്ങളില്‍ പലരും ഇന്ത്യൻ ബന്ധമുള്ളവരാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഈ വർഷം നവംബർ അഞ്ചിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡൻ നേതൃത്വത്തില്‍ വൈറ്റ് ഹൗസില്‍ നടക്കുന്ന അവസാനത്തെ ദീപാവലി ആഘോഷം കൂടിയാണിത്.

2016ല്‍ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ആദ്യമായി ദീപാവലി ആഘോഷിച്ച അവസരത്തേയും ജോ ബൈഡൻ അനുസ്മരിച്ചു. അമേരിക്കയില്‍ വൈവിധ്യപൂർണമായ സംസ്‌കാരം ആഘോഷിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപങ്ങള്‍ കൊളുത്തുന്നതിന് പുറമെ സംഗീത, നൃത്ത പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്നുണ്ട്. 2003ല്‍ അന്നത്തെ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കാലത്താണ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കാൻ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *