മരണത്തിന് കാരണമായ രോഗബാധയ്ക്ക് കാരണം ഏതെങ്കിലും വൈറസോ ബാക്ടീരിയയോ അല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു
ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ പടര്‍ന്നുപിടിച്ച അജ്ഞാതരോഗം ജനങ്ങളില്‍ വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചത്. രജൗരിയിലെ ബധാല്‍ ഗ്രാമത്തിലുള്ളവരാണ് രോഗം ബാധിച്ച് മരിച്ചത്. കുറഞ്ഞത് 17 പേരെങ്കിലും രോഗം ബാധിച്ച് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അജ്ഞാത രോഗം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് നിയമിച്ചത്. മന്ത്രിതല അന്വേഷണ സമിതിക്കാണ് രൂപം നല്‍കിയത്. ആരോഗ്യവകുപ്പിലെയും കൃഷി വകുപ്പിലെയും, ജലവകുപ്പിലെയും ഉള്‍പ്പടെ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിലുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായാണ് ഗ്രാമത്തില്‍ അജ്ഞാത രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത്. മരണത്തിന് കാരണമായ രോഗബാധയ്ക്ക് കാരണം ഏതെങ്കിലും വൈറസോ ബാക്ടീരിയയോ അല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. അപകടകരമായ ഒരു വിഷവസ്തുവാണ് രോഗബാധയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. കാഡ്മിയം ടോക്‌സിനാണ് ഈ വിഷവസ്തുവെന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞത്.
ലഖ്‌നൗവിലെ ഐഐടി റിസര്‍ച്ച് സെന്റര്‍ നടത്തിയ പരിശോധനയില്‍ രോഗം ബാധിച്ചവരുടെ ശരീരത്തില്‍ കാഡ്മിയത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എങ്ങനെ ഇവരുടെ ശരീരത്തിലെത്തി എന്നത് കണ്ടുപിടിക്കേണ്ടതാണ്. രോഗബാധിതരുടെ ശരീരത്തില്‍ മറ്റ് തരത്തിലുള്ള വൈറസിന്റെയോ ബാക്ടീരിയയുടെയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷന്റെയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുവില്‍ അജ്ഞാത രോഗം ബാധിച്ചവരില്‍ മരണകാരണമായത് ന്യൂറോ ടോക്‌സിനുകളാണെന്ന് രോഗത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സംഘം പറഞ്ഞിരുന്നു. മസ്തിഷ്‌ക വീക്കം പോലുള്ള അവസ്ഥയാണ് രോഗ ബാധിതരില്‍ എല്ലാവരിലും കണ്ടെത്താനായിരുന്നത്. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും എന്‍സിഡിസി(നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍)യിലും ഉള്‍പ്പടെ രോഗബാധിതരുടെ സാമ്പിളുകള്‍ പരിശോധന നടത്തി. ഈ പരിശോധനയില്‍ വിഷാംശങ്ങളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് രജൗരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍ എ എസ് ബാട്ടിയ പറഞ്ഞു.
ഡിസംബര്‍ മാസത്തിന്റെ തുടക്കത്തിലാണ് ജമ്മു കശ്മീരില്‍ അജ്ഞാത രോഗം പിടിമുറുക്കിയത്. ഇതുവരെ 17 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ 14 പേര്‍ കുട്ടികളാണ്. മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പടെ ആറ് കൗമാരക്കാര്‍ നിലവില്‍ രജൗരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 200-ല്‍ അധികം പേരാണ് ക്വാറന്റൈനിലുള്ളത്. ബധാല്‍ ഗ്രാമം കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മരണ കാരണം കണ്ടെത്താന്‍ സംസ്ഥാനഭരണകൂടം ഉര്‍ജിത ശ്രമം നടത്തുകയാണെന്നാണ് കഴിഞ്ഞയാഴ്ച രജൗരിയിലെത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞത്.