വെറും 10 ദിവസം, നേടിയത് 500 കോടി! തേരോട്ടം തുടര്‍ന്ന് ‘ദേവര’

ജൂനിയർ എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്ത ദേവര പാര്‍ട്ട് 1 ആണ് തെലുങ്ക് ഇൻഡസ്ട്രിയുടെ ചർച്ചാ വിഷയം.

ചിത്രം തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്ബോള്‍ ചിത്രത്തിൻ്റെ ആഗോള കളക്ഷൻ 500 കോടിയിലേക്ക് അടുക്കുന്നു. ആഗോളതലത്തില്‍ ചിത്രം ഇതുവരെ 466 കോടിയാണ് നേടിയത്. ജൂനിയർ എൻടിആറിന്റെ കരിയറില്‍ ഏറ്റവും വലിയ സോളോ ഹിറ്റാണ് ദേവര.

ആഭ്യന്തര ബോക്സോഫീസില്‍, ദേവര 250 കോടിയാണ് നേടിയത്. ആദ്യവാരം സിനിമ 215.6 കോടി രൂപയാണ് നേടിയത്. തുടർന്നുള്ള ദിവസങ്ങളിലായി 28.15 കോടി രൂപയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ 243.75 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ഇന്ത്യൻ ബോക്സ്‌ഓഫീസ് കളക്ഷൻ.

ജനതാ ഗാരേജിന് ശേഷം സംവിധായകൻ കൊരട്ടാല ശിവയും എൻടിആറും ഒന്നിച്ച ചിത്രമാണ് ദേവര. ദുല്‍ഖർ സല്‍മാന്റെ വേഫറർ ഫിലിംസാണ് ദേവര കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ഏകദേശം രണ്ട് കോടിയിലധികം കേരളത്തില്‍ നിന്നും ചിത്രത്തിന് ലഭിച്ചു. ജാൻവി കപൂർ ആണ് ചിത്രത്തില്‍ ജൂനിയർ എൻടിആറിന്റെ നായികയായി എത്തിയത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ജൂനിയർ എൻ ടി ആർ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ‘ഭൈര’ എന്ന വില്ലൻ കഥാപാത്രത്തെയാണ് സെയ്ഫ് അലിഖാൻ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *