വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമം; ദുരൂഹത, യുവാവ്‍ കസ്റ്റഡിയില്‍

എറണാകുളം വെണ്ണലയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിച്ച മകൻ പിടിയില്‍. വെണ്ണല സ്വദേശിനി അല്ലി(72)യാണ് മരിച്ചത്.

മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിക്കുന്നതുകണ്ട നാട്ടുകാർ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം നാട്ടുകാർ കാണുന്നത്. ‘യുവാവ് സ്ഥിരം മദ്യപാനിയാണ്. കുഴിയെടുക്കുന്നത് കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാൻ പുറത്ത് പോയിരുന്നു. ഇയാള്‍ സ്ഥിരം മദ്യപിച്ച്‌ വീട്ടില്‍ പ്രശ്നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും മദ്യലഹരിയിലായിരുന്നു. വീട്ടില്‍ നിന്ന് ബഹളവും കേട്ടിരുന്നു.’ നാട്ടുകാർ പറയുന്നു.

പ്രദീപിന് ഒരു ടയർ കടയാണുള്ളത്. എല്ലാ ദിവസവും കട തുറക്കാറില്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട അടഞ്ഞു കിടക്കുകയാണെന്നും നാട്ടുകാർ പറയുന്നു. സ്ഥിരം മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കുന്നതിനെ തുടർന്ന് ഭാര്യ ഇയാളില്‍ നിന്നും പിരിഞ്ഞ് സ്വന്തം വീട്ടിലാണ് കഴിയുന്നത്. അക്രമാസക്തനാകാറുള്ളതിനാല്‍ നാട്ടുകാർ ആരും പ്രശ്നത്തില്‍ ഇടപ്പെടാറില്ലെന്നും ബഹളം കൂടുമ്ബോള്‍ പോലീസില്‍ വിവരം അറിയിക്കുകയാണ് പതിവെന്നും നാട്ടുകാർ പറഞ്ഞു.

അമ്മ മരണപ്പെട്ടതിനെ തുടർന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനെ നല്‍കിയ മൊഴി. പാലാരിവട്ടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *