ഗാസ:
കരാറിൽ നെതന്യാഹുവിൻ്റെ സഖ്യകക്ഷികൾക്ക് എതിർപ്പ്
വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിനായി ഇസ്രയേൽ മന്ത്രിസഭ യോഗം ചേരുന്നത് സംബന്ധിച്ച് അനിശ്ചതത്വം തുടരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന
വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ അശാന്തമായി ഗാസ. ഹമാസും ഇസ്രയേലും വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിലും വെസ്റ്റ് ബാങ്കിലും അതിശക്തമായ ആക്രമണം അഴിച്ച് വിട്ടത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയിൽ നടന്ന ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 21 പേർ കുട്ടികളും 25 പേർ സ്ത്രീകളുമാണ്. വെസ്റ്റ് ബാങ്കിലും അതിരൂക്ഷമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയത്.
ഇതിനിടെ വെടിനിർത്തൽ കരാറിലെ എല്ലാ വശങ്ങളും ഹമാസ് അംഗീകരിച്ചുവെന്ന് മധ്യസ്ഥർ ഉറപ്പാക്കുന്നത് വരെ വെടിനിർത്തൽ കരാർ അംഗീകരിക്കാനായുള്ള ഇസ്രയേൽ മന്ത്രിസഭ യോഗം ചേരില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ വ്യവസ്ഥകളിൽ അവസാന നിമിഷം ഹമാസ് മാറ്റം ആവശ്യപ്പെട്ടുവെന്ന് നേരത്തെ നെതന്യാഹു ആരോപിച്ചിരുന്നു. ഞായറാഴ്ച നിലവിൽ വരുന്ന വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിനായി ഇസ്രയേൽ മന്ത്രിസഭ യോഗം ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിനായി ഇസ്രയേൽ മന്ത്രിസഭ യോഗം ചേരുന്നത് സംബന്ധിച്ച് അനിശ്ചതത്വം തുടരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.