വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും മുന്‍പ് ലെബനനില്‍ ഇസ്രായേലിന്റെ ആക്രമണം, 42 മരണം

ടെല്‍ അവീവ്: ലെബനനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതിന് തൊട്ടുമുമ്പും ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേല്‍ ആക്രമണം. ബെയ്‌റൂട്ടിലും തെക്കന്‍ ലെബനനിലും ഇസ്രായേല്‍ നടത്തിയ തീവ്രമായ ആക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തലിന് മണിക്കൂറുകള്‍ക്ക് മുമ്പ് മധ്യ ബെയ്റൂട്ടിലെയും തെക്കന്‍ പ്രാന്തപ്രദേശങ്ങളിലെയും പ്രദേശവാസികളോട് പലായനം ചെയ്യാന്‍ ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം നെതന്യാഹു അവതരിപ്പിച്ച യുഎസ്-ഫ്രാന്‍സ് മധ്യസ്ഥതയില്‍ ഉരുത്തിരിഞ്ഞ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത് നല്ല വാര്‍ത്തയാണ് എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 4 മണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. ആഴ്ചകള്‍ നീണ്ട സംഘര്‍ഷത്തിനും അന്താരാഷ്ട്ര നയതന്ത്ര ശ്രമങ്ങള്‍ക്കും ശേഷമാണ് കരാര്‍ പ്രാബല്യത്തില്‍ വരുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടുണ്ട്

എങ്കിലും കരാറിന്റെ അന്തിമ രൂപത്തെക്കുറിച്ച് ഹിസ്ബുള്ള സംശയം പ്രകടിപ്പിച്ചു. നിബന്ധനകളുമായി യോജിച്ചുപോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒപ്പിട്ട കരാര്‍ തങ്ങള്‍ അവലോകനം ചെയ്യുമെന്ന് ഹിസ്ബുള്ളയുടെ പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍ മഹ്‌മൂദ് ഖമാതി പറഞ്ഞു. അതേസമയം കരാര്‍ ശാശ്വതമാകണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിലും ഹിസ്ബുള്ള വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ടെന്ന് ബൈഡന്‍ പറഞ്ഞു

ഏത് ലംഘനത്തിനും ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്ന് നെതന്യാഹുവും മുന്നറിയിപ്പ് നല്‍കി. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളെ ഉന്മൂലനം ചെയ്യാന്‍ ഇസ്രായേല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി. ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ല തലവന്‍ ഹസ്സന്‍ നസ്‌റല്ലയെ ഇസ്രയേല്‍ കൊലപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ചേര്‍ന്ന ഇസ്രായേല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടെടുപ്പ് നടത്തിയതിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്

എന്നാല്‍ കരാറുമായി മുന്നോട്ട് പോകരുതെന്ന നിലപാടിലായിരുന്നു തീവ്രജൂതപക്ഷം. അതേസമയം ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ വെടിനിര്‍ത്തല്‍ കരാറില്‍ പരാമര്‍ശിച്ചിട്ടില്ല. എങ്കിലും പ്രസ്തുത കരാര്‍ ഹിസ്ബുള്ളയെയും ഹമാസിനെയും പിന്തുണയ്ക്കുന്ന ഇറാന്‍ ഉള്‍പ്പെടുന്ന വിശാലമായ യുദ്ധത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *