മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. അതിനാല്‍ തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങളും താരത്തെ പറ്റിയുള്ള വാര്‍ത്തകളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ഏറ്റവും പുതിയ വിജയ് സിനിമയുടെ സംവിധായകനായ വെങ്കട് പ്രഭുവിനൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വിജയ് നായകനായി എത്തുന്ന ഗോട്ട് എന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന സിനിമ സെപ്റ്റംബര്‍ അഞ്ചിന് പുറത്തിറങ്ങാനിരിക്കെയാണ് വെങ്കട് പ്രഭു മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്. അടുത്തിടെ രജനീകാന്ത് സിനിമയായ ജയ്ലറില്‍ മോഹന്‍ലാല്‍ കാമിയോ വേഷം ചെയ്തിരുന്നു. അതിനാല്‍ തന്നെ വിജയ് സിനിമയിലും കാമിയോ ആയി ലാലേട്ടന്‍ ഉണ്ടാകുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. നേരത്തെ വിജയ് സിനിമയായ ജില്ലയിലും മോഹന്‍ലാല്‍ അഭിനയിച്ചതിനാല്‍ ഇതിന് സാധ്യതയേറെയാണ്.
ചെന്നൈയില്‍ ഗോട്ട് സിനിമയുടെ അവസാനഘട്ട ജോലികള്‍ നടക്കുന്ന സമയത്താണ് വെങ്കട് പ്രഭു മോഹന്‍ലാലിനെ വീട്ടില്‍ സന്ദര്‍ശിച്ചത്. വെങ്കട് പ്രഭുവാണ് മോഹന്‍ലാലുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാല്‍ വെങ്കട് പ്രഭുവിന്റെ സഹോദരന്‍ കൂടിയായ പ്രേം ജി അമരനും ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് നന്ദി മോഹന്‍ലാല്‍ സര്‍ എന്നാണ് പ്രേം ജി കുറിച്ചത്. ഇതാണ് മോഹന്‍ലാല്‍ ഗോട്ടില്‍ അഭിനയിക്കുന്നുവെന്ന സംശയങ്ങള്‍ ബലപ്പെടുത്തുന്നുണ്ട്.
അതേസമയം ഇതിനെ പറ്റി സംവിധായകന്‍ വെങ്കട് പ്രഭുവോ മോഹന്‍ലാലോ യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല.ഇതോടെ സര്‍പ്രൈസുകള്‍ എന്തെന്ന് അറിയാന്‍ സെപ്റ്റംബര്‍ അഞ്ച് വരെ ആരാധകര്‍ കാത്തിരിക്കേണ്ടി വരും.