‘വീട്ടിലിരുന്ന് പണം സമ്ബാദിക്കാം’, ഈ സന്ദേശത്തില്‍ എടുത്തുചാടരുത്; മുന്നറിയിപ്പുമായി പൊലീസ്

‘വീട്ടിലിരുന്ന് പണം സമ്ബാദിക്കാം’ എന്ന സന്ദേശം ഫോണില്‍ കണ്ടാല്‍ എടുത്തുചാടി പണമുണ്ടാക്കാന്‍ പുറപ്പെടരുതെന്ന് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്.

വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകള്‍ ഏറിയതോടെയാണ് ജാഗ്രതാ മുന്നറിയിപ്പുമായി പൊലീസ് എത്തിയത്.

വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്ത് പണം സമ്ബാദിക്കാം എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നത്. മൊബൈലില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പൈസ സമ്ബാദിക്കാം എന്ന പരസ്യത്തോടുകൂടിയുള്ള ലിങ്കുകള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശം അയച്ചാണ് തട്ടിപ്പുകാര്‍ പണം കൈക്കലാക്കുന്നത്. ഈ ആപ്പുകള്‍ തുറന്ന് അക്കൗണ്ട് തുടങ്ങാന്‍ അവര്‍ നമ്മളോട് ആവശ്യപ്പെടും. അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാല്‍ ചില മൊബൈല്‍ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കും. വരുമാനം നേടുന്നതിനായി പല ഘട്ടങ്ങളിലായി നമ്മളോട് തുകകള്‍ നിക്ഷേപക്കാന്‍ നിര്‍ദ്ദേശം തരും. കൂടുതല്‍ വരുമാനം നേടുന്നതിന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലിങ്ക് അയയ്ക്കാനും നമ്മളോട് ആവശ്യപ്പെടും.

അവസാനം കൊടുത്ത പണവും നേടിയ പണവും പിന്‍വലിക്കാന്‍ കഴിയാതെവരുമ്ബോഴാണ് നമ്മള്‍ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കുക. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങളിലൂടെയുള്ള ഓണ്‍ലൈന്‍ ജോലികള്‍ക്ക് ഒരിക്കലും ശ്രമിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന നമ്ബരിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *