ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് കത്തിയെരിഞ്ഞുകൊണ്ടിരുന്നപ്പോള്‍ രക്ഷാപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ അറസ്റ്റ്.
മൂന്ന് കുട്ടികള്‍ വെന്തുമരിച്ച അപകടത്തിന് പിന്നാലെ അഗ്നിശമന സേനയെ തടഞ്ഞ 28 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ജീവിത പങ്കാളിയും ഏഴ് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.
സിഡ്നി ലാലർ പാർക്കിലെ വീട്ടില്‍ ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായതെന്ന് ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പൊലീസ് പറഞ്ഞു. മൂന്നും ആറും വയസുള്ള രണ്ട് ആണ്‍കുട്ടികളും പത്ത് മാസം പ്രായമുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. നാല് വയസിനും 11 വയസിനും ഇടയില്‍ പ്രായമുള്ള നാല് കുട്ടികളെയും 29 വയസുകാരിയായ യുവതിയെയും രക്ഷിക്കാൻ കഴിഞ്ഞു. ഇവരെല്ലാം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി പൊലീസ് അറിയിച്ചു.
തീപിടുത്തമുണ്ടായതിന് തൊട്ടുപിന്നാലെ എത്തിയ രക്ഷാപ്രവർത്തകരെ വീട്ടിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ യുവാവ് തടയുകയായിരുന്നു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു. കുട്ടികളുടെ മരണം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കൊലപാതകമെന്ന തരത്തിലാണ് പൊലീസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ ശേഷം പൊലീസ് ഉദ്യോഗസ്ഥരോടും പ്രകോപനപരമായി പെരുമാറിയ ഇയാളെ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാക്കിയിരിക്കുകയാണ്. കുട്ടികളുടെ മരണത്തിന് ഉത്തരവാദി യുവാവ് തന്നെയാണെന്നാണ് മനസിലാവുന്നതെന്ന് സ്റ്റേറ്റ് ഹോമിസൈഡ് സ്ക്വാഡ് കമാണ്ടർ പറഞ്ഞു. ഇയാള്‍ മനഃപൂർവം ചെയ്ത പ്രവൃത്തിയായിരുന്നു ഇതെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.