രാമപുരം : വിദേശജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളിൽനിന്ന് 81,300 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പ് കാറ്റിൽ വീട്ടിൽ ഷറഫുദ്ദീനെയാണ്(34) രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വെളിയന്നൂർ സ്വദേശിയായ യുവാവിന്റെയും സഹോദരിയുടെയും പരാതിയിലാണ് നടപടി.
യുവാവിന് ദുബായിലെ കമ്പനിയിലും ഇയാളുടെ സഹോദരിക്ക് നേഴ്സിങ് ജോലിയും വാങ്ങി നൽകാമെന്ന് പറഞ്ഞ് കഴിഞ്ഞ നവംബറിലാണ് തട്ടിപ്പ് നടത്തിയത്. ഇവരുടെ അക്കൗണ്ടിൽനിന്ന് പലതവണയായി ഗൂഗിൾപേ വഴി പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. ഇത് സംബന്ധിച്ച പരാതിയിൽ രാമപുരം എസ്എച്ച്ഒ കെ അഭിലാഷ് കുമാർ, എസ്ഐ സാബു ആന്റണി, എഎസ്ഐ കെ കെ സജി, സിപിഒമാരായ പ്രദീപ് എം ഗോപാൽ, ശ്യാംമോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുറവിലങ്ങാട്, പള്ളിക്കത്തോട്, കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ സമാനമായ നിരവധി പരാതികൾ ഉള്ളതായി പൊലീസ് അറിയിച്ചു. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.