ഓംകാരേശ്വര്‍ (മധ്യപ്രദേശ്): വിശ്വശരീരത്തിന്റെ ആത്മാവാണ് ഭാരതമെന്ന് ആര്‍എസ്‌എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
ഭാരതീയ ധര്‍മ്മത്തിന്റെ ആധാരം ഗൃഹസ്ഥാശ്രമമാണെന്നും കുടുംബമെന്നത് പ്രപഞ്ചത്തിലെ തന്നെ സവിശേഷമായ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
നര്‍മ്മദാതീരത്ത് മാര്‍ക്കണ്ഡേയ ആശ്രമത്തില്‍ കുടുംബപ്രബോധന്‍ ദേശീയ യോഗത്തിന്റെ ഭാഗമായി നടന്ന ഭാരതമാതാ ആരാധനയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഭാരത മാതാവാണ് നമ്മെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. ഇവിടെ ജനിച്ച ഓരോ വ്യക്തിക്കും സേവനം സ്വഭാവമാണ്. ഭാരതമാതാവിനെ ആരാധിക്കുക എന്നതിനര്‍ത്ഥം ഇന്നാട്ടിലെ മനുഷ്യരെയും ഭൂമിയെയും വനങ്ങളെയും ജലത്തെയും മൃഗങ്ങളെയും സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണവും പ്രോത്സാഹനവുമാണ് ഭാരതമാതാവിനെ ആരാധിക്കുന്നതില്‍ നിന്ന് നമുക്ക് ലഭിക്കുന്ന പ്രചോദനം.
ഏത് സാഹചര്യത്തിലും സമൂഹത്തെ സേവിക്കാനുള്ള മനോഭാവമുണ്ടാകണം. അമ്മയെ സേവിച്ച് ഈശ്വരന്റെ വാഹനമാകാനുള്ള അനുഗ്രഹം ഗരുഡന് ലഭിച്ചതുപോലെ, ഭാരതമാതാവിനെ സേവിച്ച് നമുക്കും ധര്‍മ്മത്തിന്റെ വാഹകനാകാന്‍ കഴിയണം, സര്‍സംഘചാലക് പറഞ്ഞു.
കുടുംബങ്ങളെ ശക്തിപ്പെടുത്താന്‍ ഒത്തുചേരലുകള്‍ വേണം. കുടുംബസുഹൃത്തുക്കളെ സന്ദര്‍ശിക്കുക, കുടുംബാംഗങ്ങളുമായി നല്ല ചര്‍ച്ചകള്‍ നടത്തുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.
ഭക്ഷണം, ഭജന, ഭാഷ, ഭൂഷ, ഭ്രമണം (യാത്ര), ഭവനം എന്നിങ്ങനെ ആറ് ഭകാരങ്ങള്‍ കുടുംബത്തെയും അതുവഴി സമൂഹത്തെയും കൂട്ടിയിണക്കി നിര്‍ത്തും.
കുട്ടികളില്‍ ഇപ്പോള്‍ കാണുന്ന വൈകല്യങ്ങള്‍ക്ക് ഏറ്റവും വലിയ കാരണം മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗമാണ്. ഓരോരുത്തരും കുടുംബത്തില്‍ പരസ്പര ആശയവിനിമയം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്, അതിലൂടെ വീട്ടിലെ കുട്ടികള്‍ക്ക് മനസ്സ് തുറന്ന് സംസാരിക്കാനും അതുവഴി കുടുംബ അന്തരീക്ഷത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാനും കഴിയും, മോഹന്‍ ഭാഗവത് പറഞ്ഞു.