‘വിവാഹിതരായ സ്ത്രീകള്‍ക്ക് പണം’; സണ്ണി ലിയോണിന്റെ പേരില്‍ പ്രതിമാസം 1000 രൂപ വാങ്ങി യുവാവ്,തട്ടിപ്പ്

വിവാഹിതരായ സ്ത്രീകള്‍ക്കായുള്ള ഛത്തീസ്ഗഢ് സർക്കാരിന്റെ പദ്ധതിയിലൂടെ അനർഹമായി പണം കൈക്കലാക്കി യുവാവ്.

വീരേന്ദ്ര ജോഷി എന്ന യുവാവാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇയാള്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പേരില്‍ അക്കൗണ്ടെടുത്താണ് പണം കൈക്കലാക്കിയത്. പ്രതിമാസം അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ആയിരം രൂപയോളമാണ് ഇയാള്‍ തട്ടിയെടുത്തത്.

ബി.ജെ.പി സർക്കാരിന്റെ മഹ്താരി വന്ദൻ യോജന എന്ന പദ്ധതി പ്രകാരമാണ് വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കുന്നത്. സണ്ണി ലിയോണിന്റെ പേരിലെടുത്ത ഒരു അക്കൗണ്ടില്‍ ഈ പദ്ധതി വഴി പണം ലഭിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.

വീരേന്ദ്ര ജോഷിയാണ് ഈ അക്കൗണ്ടെടുത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പദ്ധതിയില്‍ അനർഹരായവർ ഇത്തരത്തില്‍ പണം കൈപ്പറ്റുന്നുണ്ടോ എന്നതും പരിശോധിച്ചുവരുകയാണ്.

ഛത്തീസ്ഗഢിലെ താലൂർഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംഭവം അന്വേഷിക്കാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും ജില്ലാ കലക്ടർ നിർദേശം നല്‍കിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ് വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി വഴി പണം ലഭിക്കുന്ന 50% പേരും അനർഹരാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *