2024 സ്വര്‍ണത്തെ സംബന്ധിച്ചിടത്തോളം കുതിപ്പിന്റെ വര്‍ഷമായിരുന്നു. സമീപകാലത്തെ റെക്കോഡ് വര്‍ധനവാണ് സ്വര്‍ണത്തിന്റെ വിലയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്.
എന്നാല്‍ സ്വര്‍ണ വില പിടിവിട്ട് കുതിച്ചപ്പോഴും ഉപഭോക്താക്കളുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പ്രധാന കാരണമായത് 18 കാരറ്റ് സ്വര്‍ണമാണ് എന്നാണ് വ്യാപാരികള്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ വിലയിലെ വര്‍ധനവ് 18 കാരറ്റ് ആഭരണങ്ങളുടെ ഡിമാന്‍ഡില്‍ 25% വര്‍ധനവിന് കാരണമായിട്ടുണ്ട് എന്നാണ് സ്വര്‍ണ വ്യാപാര മേഖലയിലെ എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്. ഇന്ത്യയില്‍ പരമ്ബരാഗതമായി ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണമാണ്. അതിനാല്‍ തന്നെ ഈ ഇനത്തിന് വലിയ ഡിമാന്‍ഡാണ് രാജ്യത്തുടനീളമുള്ളത്.
എന്നാല്‍ വില കൂടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ കൂട്ടത്തോടെ 18 കാരറ്റ് സ്വര്‍ണത്തിലേക്ക് തിരിയുകയായിരുന്നു. താങ്ങാനാവുന്ന വിലയുള്ള 18 കാരറ്റ് റോസ് ഗോള്‍ഡും സ്റ്റഡ്ഡ് വൈറ്റ് ഗോള്‍ഡും പ്ലെയിന്‍ ആഭരണങ്ങളുമാണ് യുവ ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നത് എന്നാണ് വ്യാപാരികള്‍ പറയുന്നത്. ബുധനാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് 10 ഗ്രാമിന് 59120 രൂപയായിരുന്നു വില.
22 കാരറ്റ് സ്വര്‍ണത്തിന് 10 ഗ്രാമിന് 72,140 രൂപയും ആയിരുന്നു. വിലയിലെ ഈ അന്തരം തന്നെയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവും 22 കാരറ്റ് സ്വര്‍ണത്തെ പോലെ തന്നെ ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണമാണ്. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് പരിശുദ്ധിയെ കുറിച്ചുള്ള ആശങ്കയും വേണ്ട. സ്വര്‍ണാഭരണങ്ങള്‍ തിരിച്ചറിയുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമായാണ് ആറ് പ്രതീകങ്ങളുള്ള ആല്‍ഫാന്യൂമെറിക് കോഡായ ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നല്‍കുന്നത്.
‘2024ല്‍ ഇന്ത്യക്കാര്‍ 225 ടണ്‍ 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ചു. 2023 നെ അപേക്ഷിച്ച് 25% വര്‍ധനവാണിത്. ഇത് വലിയ വര്‍ധനവാണ്. കാരണം നേരത്തെ 18 കാരറ്റ് ആഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് 5-10% മാത്രമാണ് വര്‍ധിച്ചിരുന്നത്,’ ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ രാജേഷ് റോക്ഡെ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. രാജ്യത്ത് 22 കാരറ്റ് സ്വര്‍ണത്തിന്റെ മൊത്തം ഉപഭോഗം പ്രതിവര്‍ഷം 500-550 ടണ്‍ വരെ വ്യത്യാസപ്പെടുന്നു.
18 കാരറ്റ് സ്വര്‍ണത്തിന്റെ ഉപഭോഗം 2023 ല്‍ 180 ടണ്ണും 2022 ല്‍ 162 ടണ്ണുമായിരുന്നു. കാരറ്റേജ് കുറയുന്തോറും ആഭരണങ്ങള്‍ ശക്തമാകും. അതിനാല്‍, യുവതലമുറയ്ക്ക് എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്ന പുതിയതും ആധുനികവുമായ ഡിസൈനുകള്‍ ജ്വല്ലറികള്‍ പരീക്ഷിക്കുകയാണെന്ന് റോക്ഡെ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗ മേഖലയായ ദക്ഷിണേന്ത്യയിലും ഈ പ്രവണതയാണ് നിലനില്‍ക്കുന്നത്.
18 കാരറ്റ് ആഭരണങ്ങള്‍ക്ക് തങ്ങളുടെ സ്റ്റോറുകളില്‍ 15-20% ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്നും പ്രധാനമായും യുവാക്കളാണ് വാങ്ങുന്നതെന്നും ജോയ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ആലുക്കാസ് പറഞ്ഞു. പല ജ്വല്ലറികളും 14 കാരറ്റിന്റെയും 9 കാരറ്റിന്റെയും സ്വര്‍ണാഭരണങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 9 കാരറ്റ് ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന് കത്തയച്ചിട്ടുണ്ട്.
2023 നെ അപേക്ഷിച്ച് 2024 ല്‍ 18 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡില്‍ 15-18 ശതമാനം വളര്‍ച്ചയുണ്ടായെന്ന് പിഎന്‍ജി ജ്വല്ലേഴ്സിന്റെ സെയില്‍സ് വൈസ് പ്രസിഡന്റ് സുരേഷ് കൃഷ്ണനും സാക്ഷ്യപ്പെടുത്തി. 25 വയസ്സിന് താഴെയുള്ള യുവ ഉപഭോക്താക്കളാണ് ഇതിന് കാരണം എന്നും അദ്ദേഹം പറഞ്ഞു.