വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വൻ കൃഷിനാശം സംഭവിച്ച മുച്ചങ്കയം, കുറ്റല്ലൂർ, പന്നിയേരി, പറമ്ബടിമല ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടത്തിന്റെ കണ്ണീർ കണക്കുമായി കർഷകർ.ജൂലൈ 31ന് ഉണ്ടായ ഭീകരമായ ഉരുള്‍പൊട്ടലാണ് പ്രദേശത്തുകാരെ തീരാദുരിതത്തിലേക്കും ദുഃഖത്തിലേക്കും തള്ളിവിട്ടത്. നിമിഷങ്ങള്‍കൊണ്ട് പൊട്ടിപ്പുറപ്പെട്ട നിരവധി ഉരുള്‍പൊട്ടലുകള്‍ മണ്ണിനോട് പടവെട്ടി പടുത്തുയർത്തിയ മനുഷ്യരുടെ കാർഷിക സ്വപ്നങ്ങളും ജീവിത പ്രതീക്ഷകളുമാണ് തകർത്തതെന്ന് കർഷകർ പറഞ്ഞു.മനുഷ്യ നാശനഷ്ടം ഒഴിച്ചുനിർത്തിയാല്‍ കാർഷിക ഭൂമിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച മേഖലയാണിത്. 2019ലെ ആലിമൂല ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടമായ കുഴിയാംപ്ലാവില്‍ ഫിലിപ്പിന് പുതിയ ഉരുള്‍പൊട്ടലും കനത്ത ആഘാതമേല്‍പിച്ചു. വിലങ്ങാട് ടൗണിന് സമീപം സർക്കാർ ധനസഹായത്തോടെ പുനരധിവാസം നടത്തിയ ഫിലിപ് മുച്ചങ്കയത്തിന് സമീപം സമ്ബാദ്യമായുണ്ടായിരുന്ന 80 സെന്റ് കൃഷിഭൂമി പൂർണമായും ഉരുളെടുത്ത ദുഃഖത്തിലാണ്. പാലൂർ ഉതിരക്കുളത്തെ ജോസിന് രണ്ടേക്കർ കുരുമുളക് കൃഷിയും കവുങ്ങും നഷ്ടമായി.ഉതിരക്കുളം ജോയിക്ക് രണ്ടേക്കറിലെ തേക്ക്, കശുമാവ് എന്നിവയാണ് നഷ്ടമായത്. കുഴിയാംപ്ലാവില്‍ ഷിബുവിന്റെ 250ഓളം റബർ മരങ്ങളും ഷീറ്റടിക്കുന്ന യന്ത്രവും ഒഴുകിപ്പോയി. കുഴിയാംപ്ലാവില്‍ ജോയിക്ക് ഒന്നര ഏക്കറോളം ഭൂമിയിലെ റബർ നഷ്ടമായി. മുച്ചങ്കയം പാലത്തിന് സമീപത്തെ തണ്ണിപ്പാറ ചാക്കോച്ചന്റെ കടയും ഒരേക്കറിലെ ജാതി, കൊക്കോ, കവുങ്ങ് എന്നിവയും ഒലിച്ചുപോയി. കുഴിയാംപ്ലാവില്‍ ബിനു, പിച്ചനാടിയില്‍ ബാബു, കുഴിയാംപ്ലാവില്‍ ജോബിറ്റ് എന്നിവരുടെ വീട് തകർന്നു. കണ്ണിപ്പാറ തോമസിന്റെ ഒരേക്കർ കുരുമുളക് കൃഷി, കവുങ്ങ് എന്നിവയും നശിച്ചു.കുറ്റിക്കാട്ടില്‍ ബിജുവിന്റെ ഒന്നര ഏക്കർ കൃഷിസ്ഥലം ഉരുള്‍ വെള്ളം കയറി നശിച്ച നിലയിലാണ്. കുറ്റിക്കാട്ടില്‍ ബേബിച്ചന്റെ രണ്ടര ഏക്കർ കവുങ്ങ്, റബർ എന്നിവ പൂർണമായും നശിച്ചു. മലമാക്കല്‍ ബേബിയുടെ വീടിന് കേടുപറ്റിയതിനാല്‍ ഏത് സമയത്തും തകർന്നുവീഴാവുന്ന നിലയിലാണ്.കുറ്റല്ലൂർ, പറക്കാട് ട്രൈബല്‍ കോളനികളിലും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. കുറ്റല്ലൂർ വള്ളില്‍ രാജു, കമ്ബിളിപ്പാറ ജയൻ, കൂറ്റല്ലൂർ രാജൻ എന്നിവർക്കും പന്നിയേരിയില്‍ മുക്കാട്ട് ലീല, കുഴിയാംപ്ലാവില്‍ ലൂക്കോസ്, പാലുമ്മല്‍ കുങ്കൻ, പി.സി. കുങ്കൻ, പാലുമ്മല്‍ ചെറിയ ചന്തു എന്നിവർക്കും കൃഷിഭൂമിയില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. തൊട്ടടുത്ത പറമ്ബടിമലയില്‍ തണ്ണിപ്പാറ തൊമ്മച്ചൻ, കുഴിയാംപറമ്ബില്‍ കെ.പി. ഫിലിപ്, വേലംപറമ്ബില്‍ ബിനു എന്നിവരുടെ കൃഷിഭൂമിയിലും കനത്ത നാശനഷ്ടമുണ്ടായി.