ജയ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെ തല്ലിയ സ്പൈസ് ജെറ്റ് ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാഴാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കൊപ്പം വിമാനത്താവളത്തിലേക്ക് പ്രവേശിച്ച ജീവനക്കാരി അനുരാധ, അനുമതിയില്ലാത്ത ഗേറ്റിലൂടെ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. സുരക്ഷയുടെ ഭാഗമായി തടഞ്ഞ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഗിരിരാജ് പ്രസാദുമായി അനുരാധ തര്‍ക്കത്തിലേര്‍പ്പെടുകയും ഒടുവില്‍ കയ്യാങ്കളിയിലെത്തുകയുമായിരുന്നു.
അതേസമയം തങ്ങളുടെ ജീവനക്കാരിക്ക് ഗേറ്റിലൂടെ പ്രവേശിക്കാന്‍ ആവശ്യമായ എയര്‍പോര്‍ട്ട് എന്‍ട്രി പാസ് ഉണ്ടായിരുന്നുവെന്നും ജീവനക്കാരിയോട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതാണ് സംഭവത്തിന് കാരണമെന്നും സ്പൈസ് ജെറ്റ് കമ്ബനി പറഞ്ഞു. മോശമായി പെരുമാറിയ സിഐഎസ്എഫ് ഉദ്യോഗസ്ഥനെതിരെ കേസ് നല്‍കുമെന്നും ജീവനക്കാരിക്ക് നിയമപരമായ പിന്തുണ നല്‍കുമെന്നും കമ്ബനി കൂട്ടിച്ചേര്‍ത്തു