കിഴക്കൻ പ്രവിശ്യയില്‍ മത്സ്യമേഖലയില്‍ ജോലി ചെയ്യുന്നവർക്ക് വസന്തകാലമാണ് ആഗസ്റ്റ് ഒന്ന് മുതല്‍ ജനുവരി 31 വരെ ആറുമാസം നീണ്ടുനില്‍ക്കുന്ന ചെമ്മീൻ ചാകര.
ജീവിത പ്രയാസങ്ങള്‍ക്ക് അറുതി വരുന്നതും മിച്ചംവെക്കുന്നതും ഈ അറുമാസം ലഭിക്കുന്ന വരുമാനം കൊണ്ടാണ്. എന്നാല്‍, ഇത്തവണ ചെമ്മീൻ ചാകര തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും വിപണി വേണ്ടത്ര സജീവമായിട്ടില്ല. കാലാവസ്ഥ വ്യതിയാനവും കടലില്‍ ചുറ്റിയടിക്കുന്ന കാറ്റും ചെമ്മീൻ കൊയ്ത്തിനെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഈ മേഖലയില്‍ വർഷങ്ങളായി ജോലി ചെയ്യുന്നവർ പറയുന്നു.
അന്തരീക്ഷത്തിലെ ചൂടും ഈർപ്പവും ഇടകലരുന്ന കാലത്താണ് സാധാരണയായി ചെമ്മീൻ ചാകരയുണ്ടാവുക. വരും മാസങ്ങള്‍ ഇത്തരം കാലാവസ്ഥയിലേക്ക് മാറുകയും കാര്യമായ ചെമ്മീൻ കൊയ്ത്ത് ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. ഏഷ്യയിലെ ഏറ്റവും വലിയ മത്സ്യച്ചന്തയായ ഖത്വീഫില്‍ ഇത്തവണ 160 ബോട്ടുകളാണ് ചെമ്മീൻ കോരാൻ കടലില്‍ പോകുന്നത്. ചെമ്മീൻ ധാരാളമായി എത്തിത്തുടങ്ങുന്നതോടെ വിദേശങ്ങളില്‍ നിന്നുള്‍പ്പടെയുള്ള കച്ചവടക്കാർ ഖത്വീഫ് വിപണിയില്‍ കാത്തുകിടക്കും.
എന്നാല്‍, ഇത്തവണ തുടക്ക ദിവസങ്ങളില്‍ ചെമ്മീൻ കൂടുതലായി എത്തിയെങ്കിലും ഇപ്പോള്‍ വരവിന്‍റെ തോത് കുറഞ്ഞിട്ടുണ്ട്. 80-100 സെന്‍റീമീറ്റർ വലിപ്പമുള്ള ഒരു പെട്ടി ചെമ്മീന് ഇപ്പോള്‍ 150 റിയാല്‍ മുതലാണ് വില. അത് 200 റിയാല്‍ വരെ ഉയർന്നേക്കാം. അതേ സമയം ഇടത്തരം ചെമ്മീനുകള്‍ക്ക് ഒരു പെട്ടിക്ക് 600 റിയാല്‍ വരെ വിലയുണ്ട്. വലിപ്പമുള്ള ചെമ്മീനുകള്‍ക്ക് 1,800 റിയാലാണ് ബോക്സിന് വില.
ബോട്ടുകള്‍ സാധാരണ കടലില്‍ പോയാല്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. വിപണിയില്‍ ആവശ്യക്കാർ കുറഞ്ഞത് വിപണി സജീവതയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് 10 വർഷമായി ഖത്വീഫിലെ മത്സ്യ കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന റോയല്‍ ഫ്യൂച്ചറിന്‍റെ മാർക്കറ്റിങ് മാനേജർ അബ്ദുല്‍ കരീം വേങ്ങര പറഞ്ഞു. ഖത്തറിലേക്ക് ചെമ്മീൻ അയക്കുന്നതായിരുന്നു പ്രധാന ജോലി. എന്നാല്‍, മൂന്ന് വർഷം മുമ്ബ് ഉപരോധം വന്നപ്പോള്‍ ഈ വിപണി ഇല്ലാതായി. നിലവില്‍ ഖത്തറുമായി നല്ല ബന്ധത്തിലുള്ള സൗദി വാണിജ്യ ബന്ധവും പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഇതേ കമ്ബനിയിലെ മാനേജർ നിജാസ് കരിമ്ബനക്കല്‍ പറഞ്ഞു.
ഈ ആറുമാസമാണ് മത്സ്യ ചന്തയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ തങ്ങളുടെ പങ്കപ്പാടുകള്‍ക്ക് അറുതി കണ്ടെത്തുന്നത്. തൊഴിലാളികള്‍ക്ക് അധികമായി കൂലി ലഭിക്കുന്നതിനൊപ്പം ചെമ്മീൻ വൃത്തിയാക്കലും ചെറിയതോതിലുള്ള കച്ചവടവും ഒക്കെയായി മറ്റുവരുമാനങ്ങളും ലഭിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിപണി ഉണരാൻ സമയം വൈകുകയാണെന്ന് ഖത്വീഫ് മാർക്കറ്റില്‍ 25 വർഷത്തിലധികമായി ജോലി ചെയ്യുന്ന ഷാജി പാലക്കാട് പറഞ്ഞു.
കടല്‍ നികത്തുന്നതും പാരസ്ഥിതിക പ്രശ്നങ്ങളും സൗദിയില്‍ മത്സ്യസമ്ബത്തില്‍ കുറവ് ഉണ്ടാകുന്നതായി പഠനം നേത്തെ പുറത്ത് വന്നിരുന്നു. അതേസമയം, അവധിക്കാലമായതിനാല്‍ ഇന്ത്യക്കാരുള്‍പ്പടെയുള്ള പ്രവാസി കുടുംബങ്ങളും നാട്ടില്‍ പോയിരിക്കുന്നതും വിപണയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും വരും മാസങ്ങളില്‍ കാലാവസ്ഥ മാറുന്നതോടെ ചെമ്മീൻ വസന്തം പൂർണമായും അനുഭവിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണിവർ.