വിനോദ സഞ്ചാരം സംസ്ഥാന വിഷയം: ടൂറിസം വികസനത്തിന് മുൻകൈ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളെന്ന് സുരേഷ് ഗോപി

രാജ്യത്തെ വിനോദ സഞ്ചാര വികാസത്തിന് മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി.

വിനോദ സഞ്ചാരം ഒരു സംസ്ഥാന വിഷയം കൂടിയാണ്. സംസ്ഥാന സർക്കാരുകള്‍ സ്വന്തം നിലയ്ക്ക് മുന്നോട്ട് വയ്ക്കുന്ന പുതിയ വിനോദ സഞ്ചാരപദ്ധതികളെ പൂർണമനസോടെ പിന്തുണയ്ക്കാനേ പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കുമൊക്കെ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസത്തിൻ്റെ സ്വഭാവം വലിയ രീതിയില്‍ മാറി. അത് മുന്നില്‍ കണ്ടുള്ള ആശയങ്ങള്‍ ടൂറിസം രംഗത്തേക്ക് കൊണ്ടുവരാൻ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഡെസ്റ്റിനേഷൻ ബിയോണ്ട് ഡെസ്റ്റിനേഷൻ പദ്ധതി ഇത്തരത്തില്‍ ഒന്നാണ്. ഗോവയില്‍ ഡെസ്റ്റിനേഷൻ ബിയോണ്ട് ബീച്ചസ് എന്ന അന്വേഷണം ഈ പദ്ധതി വഴി മുന്നോട്ട് വച്ച ഒന്നാണ് – അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ടർക്കി, തായ്‌ലണ്ട് എന്നീ രാജ്യങ്ങള്‍ നമുക്ക് വെല്ലുവിളി ഉയർത്തുന്ന ഇടങ്ങളായി ഉയർന്നുവരികയാണ്. ഈ സാഹചര്യത്തില്‍ പുതിയ വിനോദ സഞ്ചാര മേഖലകള്‍ കണ്ടെത്തി ലോകത്തിന് മുന്നില്‍ വയ്‌ക്കേണ്ട ബാദ്ധ്യത നമുക്കുണ്ട്.

സംസ്ഥാനങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പങ്കുവഹിക്കാനാവുക. പുതിയ തലമുറയിലെ യുവ പ്രവാസി വ്യവസായികള്‍ വിനോദ സഞ്ചാര മേഖലയില്‍ നിക്ഷേപിക്കുന്നത് അതിനെ സംബന്ധിച്ച്‌ ഏറ്റവും പ്രയോജനകരമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന റിസോർട്ട് ശൃംഖലയായ വെക്കാ സ്റ്റേയുടെ ബുക്കിംഗ് ആപ്പായ ‘ വെക്കാ സ്റ്റേ കള്‍ച്ചറിൻ്റേയും’ അവരുടെ തന്നെ ‘വെക്കാസ്റ്റേ ലെഗസി കാർഡിൻ്റെയും’ ലോഞ്ചിങ്ങ് ചടങ്ങുകളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെക്കാ സ്റ്റേ ആപ്പിലൂടെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 5000 പേരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ‘ ഥാർ റോക്ക്സ് ‘ നല്‍കുമെന്ന് കമ്ബനി വക്താക്കള്‍ അറിയിച്ചു. തൃശൂർ എം.എല്‍ എ പി.ബാലചന്ദ്രൻ, കല്യാണ്‍ സില്‍ക്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ് പട്ടാഭിരാമൻ , സംവിധായകൻ മേജർ രവി, അഭിനേത്രിമാരായ ഭാവന, നിഖില വിമല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വെക്കാസ്റ്റേ ഡയറക്ടർ ടിപ്പു ഷാൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *