വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ ‘ഉപമുഖ്യ’നൊപ്പം; ഡി.എം.കെയ്‌ക്കെതിരേ ആഞ്ഞടിച്ച്‌ അണ്ണാമല

അണ്ണാ സര്‍വകലാശാല കാംപസില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഡി.എം.കെയുടെ സജീവ പ്രവര്‍ത്തകനെന്ന ആരോപണവുമായി ബി.ജെ.പി.

അറസ്‌റ്റിലായ പ്രതി ജ്‌ഞാനശേഖര്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചു ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ കെ.അണ്ണാമലെ എക്‌സില്‍ കുറിച്ചു. ‘ഷെയിം ഓണ്‍ യു സ്‌റ്റാലിന്‍’ എന്ന ഹാഷ്‌ടാഗോടു കൂടിയാണ്‌ ചിത്രങ്ങള്‍ പങ്കുവച്ചത്‌.
ഡിഎംകെയുടെ വിദ്യാര്‍ഥി വിഭാഗത്തിന്റെ സെയ്‌ദായി ഇൗസ്‌റ്റ് ഡെപ്യൂട്ടി ഓര്‍ഗനൈസറാണ്‌ ജ്‌ഞാനശേഖറെന്നും അണ്ണാമലൈ ആരോപിച്ചു. ”തമിഴ്‌നാട്ടില്‍ ഉടനീളമുള്ള കുറ്റകൃത്യങ്ങളില്‍ ഒരു നിശ്‌ചിത പാറ്റേണ്‍ കാണുന്നുണ്ട്‌. ആദ്യം ഒരു ക്രിമിനല്‍ ഡി.എം.കെയില്‍ അംഗമാകുന്നു. തുടര്‍ന്ന്‌ ഡി.എം.കെയുടെ നേതാക്കളുമായി ഇയാള്‍ അടുപ്പത്തിലാകുകയും രജിസ്‌റ്റര്‍ ചെയ്‌ത എല്ലാ കേസുകളും പോലീസില്‍ സമ്മര്‍ദം ചെലുത്തി തേച്ചുമായ്‌ച്ചു കളയുകയും ചെയ്യുന്നു. ഇതു പ്രതികള്‍ക്ക്‌ കൂടുതല്‍ കുറ്റം ചെയ്യാനുള്ള അവസരം ഒരുക്കുകയാണ്‌” -അണ്ണാമലെ എക്‌സില്‍ കുറിച്ചു.
പതിനഞ്ചോളം ലൈംഗിക അതിക്രമ കേസുകളില്‍ ഉള്‍പ്പെട്ട ഒരാളെ ഇത്രയും ദിവസമായി ഒരു നടപടിയും എടുക്കാതെ വിട്ടതു കൊണ്ടാണ്‌, നിരപരാധിയായ വിദ്യാര്‍ഥിനിക്ക്‌ ഇൗ ക്രൂരത നേരിടേണ്ടി വന്നതെന്നും അണ്ണാമലെ കൂട്ടിച്ചേര്‍ത്തു. ”എത്രനാള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക്‌ ഇതു സഹിക്കേണ്ടിവരും? ഭരണകക്ഷിയില്‍പ്പെട്ട ആളാണെങ്കില്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന്‌ തമിഴ്‌നാട്ടില്‍ നിയമമുണ്ടോ?” അണ്ണാമലൈ ചോദിച്ചു. അണ്ണാമലെ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക്‌ മറുപടിയുമായി ഡി.എം.കെ രംഗത്തെത്തി. പ്രതികള്‍ പാര്‍ട്ടി നേതാക്കളുടെയും മന്ത്രിമാരുടെയും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഒന്നും അര്‍ഥം വയ്‌ക്കുന്നില്ലെന്ന്‌ ഡി.എം.കെ നേതൃത്വം വ്യക്‌തമാക്കി.
സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്‌ 24ന്‌ ആക്രമിക്കപ്പെട്ടത്‌. പെണ്‍കുട്ടിയും കാമുകനും രാത്രി ക്രസ്‌മസ്‌ കുര്‍ബാന കഴിഞ്ഞ്‌ മടങ്ങുമ്ബോഴായിരുന്നു സംഭവം. രണ്ടു പേര്‍ ചേര്‍ന്നു കാമുകനെ മര്‍ദിച്ച്‌ അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക്‌ വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ്‌ തമിഴ്‌നാട്ടില്‍ ഉയരുന്നത്‌. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട്‌ ദേശീയ വനിതാ കമ്മിഷനടക്കം രംഗത്തെത്തി.

‘ഡി.എം.കെ. ഭരണം
അവസാനിപ്പിക്കും
വരെ ചെരുപ്പിടില്ല’

തമിഴ്‌നാട്ടിലെ ഡി.എം.കെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന്‌ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ശപഥം. ഡി.എം.കെയെ ഭരണത്തില്‍ നിന്ന്‌ താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന്‌ വാര്‍ത്താ സമ്മേളനത്തിലാണ്‌ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്‌. വാര്‍ത്താ സമ്മേളനത്തിനിടയില്‍ തന്നെ അണ്ണാമലൈ, ചെരുപ്പ്‌ ഉൗരിമാറ്റുകയും ചെയ്‌തു. ഇന്ന്‌ മുതല്‍ നാല്‍പ്പത്തിയെട്ട്‌ മണിക്കൂര്‍ വൃതമെടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *