വിദ്യാര്‍ത്ഥികളുടെ മികച്ച സ്റ്റാര്‍ട്ടപ്പ് ആശയത്തിന് ഒരു ലക്ഷം രൂപ സമ്മാനം; പിച്ചത്തോണുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025

കൊച്ചി: കോളജ് വിദ്യാര്‍ത്ഥികളുടെ നൂതന ബിസിനസ് ആശയത്തിന്റെ സാധ്യതകള്‍ പരിശോധിക്കാനും അനുയോജ്യമായതെങ്കില്‍ നിക്ഷേപം കണ്ടെത്തുവാനും പിച്ചത്തോണുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. ‘സുസ്ഥിര ഭാവിക്കായി നവീന ആശയങ്ങളും സംരംഭങ്ങളും ‘ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം. ഭാവിതലമുറയുടെ സര്‍ഗാത്മകതയും ഇന്നവേഷനും തിരിച്ചറിയുക, അവ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പിച്ചത്തോണില്‍ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

വിഷന്‍, ക്രിയേറ്റിവിറ്റി, സംരംഭ സാധ്യതകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബിസിനസ് ആശയം മത്സരാര്‍ത്ഥികള്‍ ജനുവരി 20 ന് മുമ്പ് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ മുന്‍നിര നിക്ഷേപകര്‍, ഇന്‍ഡസ്ട്രി ലീഡേഴ്‌സ്, ഇന്നവേറ്റേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്ന പാനലിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും. ഒരു ലക്ഷം രൂപയാണ് മികച്ച സ്റ്റാര്‍ട്ടപ് ആശയത്തിന് ലഭിക്കുക. കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നു വരെയാണ് നടക്കുന്നത്.
നിക്ഷേപ സാധ്യതകള്‍ക്ക് പുറമെ മുന്‍നിര നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, വിദഗ്ദ്ധര്‍ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കുവാനും വിദഗ്ദ്ധ ഉപദേശം ലഭിക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നതാണ് പിച്ചത്തോണ്‍. കൂടാതെ, ആശയങ്ങളുടെ ന്യൂനതകള്‍ മനസിലാക്കുവാനും വിദഗ്ദ്ധരുടെ മെന്‍ര്‍ഷിപ്പിന്റെ സഹായത്താല്‍ ആശയം കൂടുതല്‍ നവീകരിക്കാനും ഇതിലൂടെ സാധിക്കും. പിച്ചത്തോണ്‍ കൂടാതെ, സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍, റീ-ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്‌ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നു മത്സരങ്ങള്‍ക്കും ജനുവരി 20 വരെ അപേക്ഷിക്കാം.

ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നുകൊണ്ട് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി രൂപകല്‍പ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. സുസ്ഥിരത,ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയില്‍ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറിലധികം വിദഗ്ദ്ധര്‍ സംസാരിക്കും. വിദ്യാര്‍ത്ഥികള്‍, ലീഡര്‍മാര്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണല്‍സ് ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 30-ല്‍ അധികം പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ഥ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധര്‍ നയിക്കുന്ന 25-ല്‍ അധികം ശില്‍പ്പശാലകളും മാസ്റ്റര്‍ ക്ലാസുകളും നടക്കും. കൂടാതെ, റോബോട്ടിക് എക്സ്പോ, ടെക് എക്സ്പോ,സ്റ്റുഡന്റ് ബിനാലെ, ഫ്ലീ മാര്‍ക്കറ്റ്, ഫുഡ് സ്ട്രീറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്-7034044141/ 7034044242,https://futuresummit.in/pitchathon/

Leave a Reply

Your email address will not be published. Required fields are marked *