വ്യക്തികള്‍ക്ക് വിദേശ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാൻ അനുമതി നല്‍കി സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി.
കര, കടല്‍ മാർഗങ്ങള്‍ വഴി വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള സേവനം അതോറിറ്റി ആരംഭിച്ചു. ആവശ്യമായ രേഖകള്‍ സമർപ്പിച്ച് നടപടിക്രമങ്ങള്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് പൂർത്തിയാക്കാൻ കഴിയും.
ഇറക്കുമതി ചെയ്യുന്നയാള്‍ ആദ്യം അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റർ ചെയ്യണം. തുടർന്ന് വെബ്സൈറ്റില്‍നിന്ന് വാഹന ഇറക്കുമതി സേവനം തെരഞ്ഞെടുത്ത് അപേക്ഷ നല്‍കണം. വാഹന വിവരങ്ങളും കസ്റ്റംസ് ഡിക്ലറേഷനും പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്‌ത് അപേക്ഷ സമർപ്പിക്കുന്നതിലൂടെ ഈ സേവനം ലഭിക്കും.
ഇത് ഓപ്ഷണലാണെന്നും നിർബന്ധമല്ലെന്നും അതോറിറ്റി സൂചിപ്പിച്ചു. വെബ്‌സൈറ്റില്‍ സേവനത്തിനായി വിശദമായ ഉപയോക്തൃ ഗൈഡ് അതോറിറ്റി നല്‍കുന്നുണ്ട്. സേവനത്തിെൻറ വിശദീകരണം, വ്യക്തികള്‍ക്കായി വ്യക്തിഗത വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള അഭ്യർഥനകള്‍ സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങള്‍, സേവനം ലഭിക്കുന്നതിന് സഹായിക്കുന്ന വിശദമായ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
താല്‍പ്പര്യമുള്ളവർക്ക് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ചുകൊണ്ട് വ്യക്തികള്‍ക്കായി വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ച് മനസിലാക്കാം.