രാഷ്ട്രീയത്തിലേക്ക് പ്രവശിച്ച ദളപതി വിജയ് തന്‍റെ 69ാം ചിത്രത്തോടെ സിനിമ കരിയർ അവസാനിപ്പിക്കുമെന്ന വാർത്ത ഏറെ വിഷമത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വിജയ് യുടെ 69ാം ചിത്രമായിരിക്കും താരത്തിന്‍റെ അവസാന ചിത്രമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാല്‍ വിജയ് ആരാധകർക്ക് ഏറെ സന്തോഷം നല്‍കുന്ന മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. വിജയ് യുടെ കടുത്ത ആരാധകനും സംവിധായകനുമായ അറ്റ്ലിയുടെ അടുത്ത ചിത്രത്തില്‍ വിജയ് അതിഥി വേഷത്തിലെത്തുന്നു എന്നാണ് റിപ്പോർട്ട്. ഒരു പ്രമുഖ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ വിജയ് യോട് പറഞ്ഞെന്നും ഇതില്‍ അതിഥി വേഷത്തില്‍ അഭിനയിക്കാൻ വിജയ് സമ്മതിച്ചെന്നുമാണ് പുറത്തുവരുന്ന വാർത്തകള്‍. നേരത്തെ അറ്റ്‌ലിയുടെ സംവിധാനത്തിലെത്തിയെ ‘തെരി’, ‘മെർസല്‍’, ‘ബിഗില്‍’ എന്നീ ചിത്രങ്ങളില്‍ വിജയ് നായകനായി എത്തിയിരുന്നു.
ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ബോക്‌സോഫീസില്‍ വൻ വിജയമായി മാറിയതാണ്.അതേസമയം അറ്റ്ലിയുടെ തമിഴ് ചിത്രത്തിലാണോ അതോ ഹിന്ദിയിലാണോ അഭിനയിക്കുന്നത് എന്ന് ഉറപ്പായിട്ടില്ല. കമല്‍ഹാസനെയും സല്‍മാൻഖാനെയും പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്‌ലി ഒരുക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന വാർത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു.
ഷാരൂഖ് ഖാൻ നായകനായ ‘ജവാൻ’ ആണ് അറ്റ്‌ലിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. വിജയ് യുടെ രാഷ്ട്രീയ പാർട്ടിയുടെ ആദ്യ സമ്മേളനം ഒക്ടോബർ 27നാണ് നടക്കുക. അതിന് ശേഷമാണ് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുക.
മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോള്‍, പുജ ഹെഗ്ഡെ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69ല്‍ അഭിനയിക്കുന്നത്. 2025 ഒക്ടോബറില്‍ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കള്‍.