വിജയ്‍‌യുടെ മനം കവര്‍ന്ന് ‘മഹാരാജ’; സംവിധായകനെ വീട്ടിലേക്ക് ക്ഷണിച്ച്‌ സൂപ്പര്‍താരം

അടുത്തിടെ തമിഴില്‍ ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് വിജയ് സേതുപതിയുടെ മഹാരാജ. മക്കള്‍ സെല്‍വത്തിന്റെ 50ാം ചിത്രമായി തിയറ്ററില്‍ എത്തിയ മഹാരാജ 100 കോടിയില്‍ അധികം കളക്റ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകൻ നിഥിലൻ സ്വാമിനാഥനെ വീട്ടിലേക്ക് വിളിച്ച്‌ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ദളപതി വിജയ്.

നിഥിലൻ തന്നെയാണ് സന്തോഷവാർത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പ്രിയപ്പെട്ട അണ്ണ. ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി. താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. മഹാരാജയെ കുറിച്ച്‌ താങ്കള്‍ സംസാരിച്ചത് എന്നെ അമ്ബരപ്പിച്ചു. ഇത് എനിക്ക് വലിയ അഭിനന്ദനമാണ്. താങ്കളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രശംസയ്ക്കും നന്ദി. ലവ് യു അണ്ണാ.- നിഥിലൻ കുറിച്ചു. നിർമാതാക്കളില്‍ ഒരാളായ സുധന്‍ സുന്ദരവും നിഥിലനൊപ്പമുണ്ടായിരുന്നു.

ക്രൈം ത്രില്ലറായി എത്തിയ ചിത്രമാണ് മഹാരാജ. അനുരാഗ് കശ്യപാണ് ചിത്രത്തില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തതിനു പിന്നാലെ വീണ്ടും ചർച്ചയാവുകയാണ് ചിത്രം. അഭിരാമി, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് , അരുള്‍ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠന്‍, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി എല്‍ തേനപ്പന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദന്‍ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിര്‍മ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *