രണ്ടു വർഷത്തിനുശേഷം സാമന്ത തമിഴില്‍
വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്ത നായികയാകുമെന്ന് റിപ്പോർട്ട്.
ദളപതി 69 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിനു ശേഷം അഭിനയരംഗം പൂർണമായും ഉപേക്ഷിക്കുമെന്ന് വിജയ് അറിയിച്ചിട്ടുണ്ട്. വെള്ളിത്തിരയില്‍ വിജയ്‌യുടെ അവസാന നായിക സാമന്ത തന്നെയെന്ന് ആരാധകർ
ഉറപ്പിക്കുന്നു.കത്തി, തെരി, മെർസല്‍ എന്നീ ചിത്രങ്ങളില്‍ വിജയ് യും സാമന്തയും ഒരുമിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം രണ്ടുവർഷമായി തമിഴില്‍ ഇടവേളയിലാണ് സാമന്ത. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത നയൻതാര, വിജയ് സേതുപതി എന്നിവരോടൊപ്പം പ്രധാന വേഷം അവതരിപ്പിച്ച കാതുവാക്കുലെ രണ്ടു കാതല്‍ ആണ് സാമന്തയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. തമിഴില്‍ ഗംഭീര ചുവടുവയ്‌പിന് സാമന്ത ഒരുങ്ങവേയാണ് വിജയ് ചിത്രം എത്തുന്നത്.അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം ഒരുക്കുന്നത്. വിജയ്‌യും എച്ച്. വിനോദും ആദ്യമായാണ് ഒരുമിക്കുന്നത്.
കെ.വി.എൻ. സ്റ്റുഡിയോസിന്റെ ബാനറില്‍ ആണ് നിർമ്മാണം. കന്നടയിലെ പ്രമുഖ നിർമ്മാണ കമ്ബനിയായ കെ.വി.എൻ സ്റ്റുഡിയോസാണ് യഷ് – ഗീതു മോഹൻദാസ് ചിത്രം ടോക്സിക് നിർമ്മിക്കുന്നത്. വിജയ് നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് (ദ് ഗ്രേറ്റസ്റ്റ് ഒഫ് ഓള്‍ ടൈം) സെപ്തംബർ 5ന് റിലീസ് ചെയ്യും. തെലുങ്ക് താരം മീനാക്ഷി ചൗധരിയാണ് നായിക.
അച്ഛന്റെയും മകന്റെയും വേഷത്തില്‍ രണ്ട് ഗെറ്റപ്പുകളില്‍ വിജയ് എത്തുന്നു.