ആഗോളബോക്‌സോഫീസില്‍ 300 കോടിയും കടന്ന് ശിവകാര്‍ത്തികേയന്‍ ചിത്രമായ അമരന്‍. 70 കോടി രൂപയ്ക്ക് നിര്‍മിച്ച സിനിമ ആഗോളതലത്തില്‍ 300 കോടിയിലധികം രൂപ കളക്റ്റ് ചെയ്തതായാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്ന് വിജയ്ക്കും കമല്‍ഹാസനും രജനീകാന്തിനും ശേഷം 300 കോടി കളക്ഷന്‍ പിന്നിടുന്ന താരമെന്ന നേട്ടം ഇതോടെ ശിവകാര്‍ത്തികേയന്‍ സ്വന്തമാക്കി.
സിനിമയില്‍ നിന്നും വിജയ് രാഷ്ട്രീയത്തിലേക്ക് മാറുന്ന സാഹചര്യത്തില്‍ ആരായിരിക്കും വിജയുടെ കസേരയിലേക്ക് ഉയരുക എന്ന ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് ബോക്‌സോഫീസില്‍ ശിവകാര്‍ത്തികേയന്‍ നേട്ടമുണ്ടാക്കുന്നത്. നേരത്തെ വിജയ് സിനിമയായ ഗോട്ടില്‍ വിജയുടെ പിന്‍ഗാമിയായി ശിവകാര്‍ത്തികേയനെ കാണിക്കുന്ന രംഗം തമിഴകത്ത് വൈറലായിരുന്നു.
മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ സിനിമയായ അമരനില്‍ മേജര്‍ മുകുന്ദായാണ് ശിവകാര്‍ഠികേയന്‍ എത്തിയത്. ഭാര്യ ഇന്ദു റബേക്ക വര്‍ഗീസായി സായ് പല്ലവിയാണ് സിനിമയില്‍ വേഷമിട്ടത്.തമിഴ്നാട്ടിന് പുറത്തും വലിയ വിജയമാണ് സിനിമ സ്വന്തമാക്കിയിരുന്നത്. അമരന് ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്ന് സിനിമയുടെ ഒടിടി റിലീസടക്കം നീട്ടിവെച്ചിരുന്നു.