ഇന്ത്യൻ സൂപ്പർ ലീഗില്‍ ചെന്നൈയിൻ എഫ്‌സിക്കെതിരെ സ്വന്തം ഹോമില്‍ ജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കൊച്ചിയിലെ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മറീന മച്ചാൻസിനെതിരെ കൊമ്ബന്മാരുടെ വിജയം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്.
യെല്ലോ ആർമിക്കായി ജീസസ് ജിമെൻസ് (56′), നോഹ സദൗയി (70′), രാഹുല്‍ കെപി (90+2′) എന്നിവർ ലക്ഷ്യം കണ്ടു. ഒപ്പം, ഈ സീസണില്‍ ആദ്യമായി കേരളം ഗോള്‍ വഴങ്ങാതെ ഒരു മത്സരം പൂർത്തീകരിച്ചു. ഒരു ഗോള്‍ നേടി, രാഹുലിന്റെ ഗോളിന് വഴിയൊരുക്കിയ സദൗയിയാണ് മത്സരത്തിലെ താരം.
ഇന്നത്തെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഒൻപത് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും നാല് തോല്‍വിയുമായി 11 പോയിന്റുകള്‍ നേടി ഐഎസ്‌എല്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ചെന്നൈയിൻ എഫ്‌സി ആകട്ടെ, ഒൻപത് മത്സരങ്ങളില്‍ നിന്നും മൂന്ന് വീതം ജയവും സമനിലയും തോല്‍വിയുമായി 12 പോയിന്റുകളുമായി ആറാം സ്ഥാനത്തും. തുടർച്ചയായ മൂന്ന് തോല്‍വിക്ക് ശേഷമാണ് കൊമ്ബന്മാർ വിജയതീരത്തേക്ക് എത്തുന്നത്.
മത്സരം അവസാനിക്കുമ്ബോള്‍ അറുപത്തിയൊന്ന് ശതമാനത്തിന് മുകളില്‍ പന്തവകാശം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു. 15 അവസരങ്ങള്‍ കേരളം നിർമിച്ചപ്പോള്‍, ഒട്ടും മോശമല്ലാത്ത 12 അവസരങ്ങള്‍ ചെന്നൈയും രൂപപ്പെടുത്തി. ഷോട്ട് എടുക്കുന്നതില്‍ ഇരുവരും ഇഞ്ചോടിഞ്ചായിരുന്നു. 17 ഉം 16 ഉം യഥാക്രമം. 20 മത്സരങ്ങള്‍ക്ക് ശേഷവും ഈ കലണ്ടർ വർഷത്തില്‍ ആദ്യമായിട്ടുമാണ് യെല്ലോ ആർമി ക്ലീൻ ഷീറ്റ് നേടുന്നത്. ഒപ്പം, കേരള ബ്ലാസ്റ്റേഴ്സിനായി ഐഎസ്‌എല്ലില്‍ തുടർച്ചയായി ആറ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിമെനസ് മാറി.
ഹൈദരാബാദ് എഫ്‌സിക്കെതിരെ കൊച്ചിയില്‍ കളിച്ച അവസാന മത്സരത്തില്‍ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് കേരളം കളിക്കളത്തില്‍ എത്തിയത്. പരിക്ക് മൂലം അവസാന മത്സരങ്ങള്‍ നഷ്ടപ്പെട്ട സച്ചിൻ സുരേഷ് ഫിഫ അന്താരാഷ്ട്ര ഇടവേളക്ക് ശേഷം സോം കുമാറിന് പകരം ആദ്യ പതിനൊന്നിലേക്ക് തിരിച്ചെത്തി. കൂടാതെ, അലക്‌സാണ്ടർ കോഫിനും മുഹമ്മദ് ഐമെനും പകരം ഫ്രെഡി ലല്ലാവ്മയും നോഹ സദൗയിയും ആദ്യ പതിനൊന്നിലെത്തി. യുവ സെൻസേഷൻ കോറൂ സിംഗ് തുടർച്ചയായ രണ്ടാം മത്സരത്തിലും വലത് വിങ്ങില്‍ സ്ഥാനമുറപ്പിച്ചു. സസ്പെന്ഷന് തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടപ്പെട്ട ക്വാമെ പെപ്രയും പരുക്കിന്റെ പിടിയിലായിരുന്ന പ്രബീർ ദാസും പകരക്കരുടെ നിരയിലെത്തി.
ചെന്നൈയിൻ എഫ്‌സിയില്‍ പ്രതിരോധ താരം പച്ചാവു ലാല്‍ഡിൻപുയയ്ക്കും പ്ലേ മേക്കർ കോണർ ഷീല്‍ഡ്‌സിനും പകരം മന്ദർ റാവു ദേശായിയും ലൂക്കാസ് ബ്രാംബില്ലയും ആദ്യ ഇലവനിലെത്തി. വിഘ്‌നേഷ് ദക്ഷിണമൂർത്തിയും എഡ്വിൻ വാൻസ്‌പോളും പകരക്കാരുടെ ബെഞ്ചിലെത്തി.