കൂമുള്ളിയില്‍ ബസപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഉള്ള്യേരിലും അത്തോളിയിലും മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസുകളില്‍ പരിശോധന നടത്തി.
ഉള്ള്യേരിയില്‍ കോഴിക്കോട് എൻഫോഴ്സ്മെന്റ് സംഘവും അത്തോളിയില്‍ നന്മണ്ട സബ് ആർ.ടി.ഒയുടെ നേതൃത്വത്തിലുമായിരുന്നു പരിശോധന.
എയർഹോണ്‍, ഫാൻസി ലൈറ്റ്, സ്പീഡ് ഗവേണറിലെ അപാകത, യൂനിഫോം ധരിക്കാതിരിക്കല്‍, ഇൻഷുറൻസ് അടക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയില്‍ പ്രധാനമായും കണ്ടെത്തിയത്. ഉള്ള്യേരിയില്‍ എയർഹോണ്‍ ഉപയോഗിച്ചതിനും വാതില്‍ തുറന്നിട്ട് ഓടിയതിനും സ്പീഡ് ഗവേണർ പ്രവർത്തിപ്പിക്കാതിരുന്നതിനും 12 കേസുകളാണെടുത്തത്. അത്താണിയില്‍ 13 വാഹനങ്ങള്‍ പരിശോധിച്ചു.
ഏഴു ബസുകളില്‍നിന്ന് പിഴയീടാക്കി. കോഴിക്കോട്- കുറ്റ്യാടി റൂട്ടില്‍ ഒരു ബസ് പെർമിറ്റില്ലാതെ സർവിസ് നടത്തുന്നതായും കണ്ടെത്തി. ഉള്ള്യേരിയില്‍ എം.വി.ഐമാരായ സി.എം. അൻസാർ, കെ.കെ. രഞ്ജിത് കുമാർ, എ.എം.വി ടി.എം. പ്രവീണ്‍ എന്നിവരും അത്തോളി അത്താണിയില്‍ ജോ. ആർ.ടി.ഒ ദിനേശൻ, എ.എം.വി.ഐ രൂപേഷ് എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി.