വാഹന ക്ഷമത പരിശോധനക്കായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഏറെ വൈകി എത്തിയതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്.
ഒറ്റപ്പാലം ജോയിൻറ് ആർ.ടി.ഒക്ക് കീഴില്‍ ഈസ്റ്റ് മനിശ്ശേരിയില്‍ നടന്ന പരിശോധനയാണ് അനിശ്ചിതാവസ്ഥയിലായത്.
വ്യാഴാഴ്‌ച ഉള്‍പ്പെടെ ആഴ്ചയില്‍ മൂന്ന് ദിവസം മോട്ടോർ വകുപ്പ് അസിസ്റ്റൻറ് വെഹിക്കിള്‍ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനക്കായി പതിവ് പോലെ നൂറുക്കണക്കിന് വാഹനങ്ങളാണ് പാലക്കാട്-കുളപ്പുള്ളി പാതയോരത്തായി കാത്ത് കെട്ടിക്കിടന്നത്. രാവിലെ 7.30 ന് ആരംഭിക്കുന്ന പരിശോധനക്കായി പുലർച്ചെ മുതല്‍ തന്നെ വാഹനങ്ങള്‍ എത്തും. ബസുകളും ലോറികളും സ്‌കൂള്‍ ബസുകളും തുടങ്ങി ഇരുചക്രവാഹനങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
പാതയോരത്ത് വാഹനങ്ങള്‍ നിര നിരയായി നിർത്തിയിട്ടതോടെ മറ്റുവാഹങ്ങള്‍ക്ക് സഞ്ചാര തടസവും നേരിട്ടു അതിരാവിലെ വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെട്ട വാഹനങ്ങള്‍ മുന്നോട്ടു പോകാൻ കഴിയാതെ ഗതാഗത കുരുക്കിലമർന്നു. വാഹനങ്ങളുടെ ക്ഷമത പരിശോധനക്കുള്ള ഫീസ് ചലാൻ മുഖേന അടക്കുന്ന ഘട്ടത്തില്‍ തന്നെ പരിശോധനക്കുള്ള തീയതിയും സമയവും രേഖപ്പെടുത്തി നല്‍കുന്നുണ്ട്. ഇതനുസരിച്ച് പരിശോധനക്കുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതില്‍ വന്ന വീഴ്ച ഗുരുതരമായ കൃത്യവിലോപമാണെന്ന് സിറ്റിസണ്‍ ഫോറം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ആർ.പി. ശ്രീനിവാസൻ ആരോപിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 11.40 ഓടെ എത്തിയശേഷമാണ് പരിശോധന ആരംഭിച്ചതെന്നും പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞാണ് പരിശോധന അവസാനിച്ചതെന്ന ആക്ഷേപവുമുണ്ട്.