വാഴ കുലച്ചു!

പഠിച്ചത് മെക്കാനിക്കല്‍ എൻജിനിയറിംഗ്. അഭിനയമോഹം ഉപേക്ഷിച്ച്‌ വീട്ടുകാരുടെ നിർബന്ധത്തില്‍ വിദേശ ജോലിക്ക് വിമാനം കയറി.

ഭാവി കളയാതെ കൂട്ടുകാരെ കണ്ടു പഠിക്കണമെന്ന ഉപദേശം കേട്ടാല്‍ ആരും കയറി പോകും. പത്തനംതിട്ട ഉള്‍പ്പെടുന്ന മദ്ധ്യ തിരുവിതാംകൂറിലെ വീടുകളില്‍ ക്ലീഷേ കഥ മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ കൊവിഡ് എല്ലാം തകിടം മറിച്ചു.
രോമാഞ്ചത്തിലും ഗുരുവായൂരമ്ബലനടയിലും പ്രേക്ഷകരെ രസിപ്പിച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച സിജു സണ്ണി അഭിനയത്തിനൊപ്പം തിരക്കഥ എഴുത്തിലും. സിജുവിന്റെ തിരക്കഥയില്‍ ടൊവിനോ തോമസ് നായകനായി അഭിനയാക്കുന്ന മരണമാസ്സ് ചിത്രീകരണത്തിലാണ്. സോഷ്യല്‍മീഡിയ താരങ്ങള്‍ക്കൊപ്പം സിജു പ്രധാന വേഷത്തിലെത്തുന്ന വാഴ എന്ന ചിത്രം തിയേറ്ററില്‍ എത്തി.

ആറു വാഴകള്‍
‘നിനക്ക് പകരം ഒരു വാഴ വച്ചാല്‍ മതിയായിരുന്നുവെന്ന് പലരെയും പറ്റി പറയാറില്ലേ”. ആറു പേരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഞങ്ങളുടെ നഴ്സറി, നാലാംക്ലാസ്, പത്താം ക്ലാസ്, ഡിഗ്രി വരെ കാലമാണ് അവതരിപ്പിക്കുന്നത്. ഞാൻ, ജോമോൻ, സാഫ്ബോയ്, അമിത്, അനുരാജ്, മനു എന്നിവരാണ് മെയിൻ വാഴകള്‍. പൂർണ്ണമായി ഹ്യൂമറല്ല. ശക്തമായ വിഷയം സംസാരിക്കുന്നുണ്ട്. ‘എനിക്ക് എൻജിനിയറാകാൻ പറ്റിയില്ല, എന്റെ മോനെങ്കിലും” എന്നു പറഞ്ഞു മക്കളെ സമ്മർദ്ദത്തിലാക്കുന്ന മാതാപിതാക്കള്‍. അതില്‍പ്പെടുന്ന മക്കള്‍. ഒരു അച്ഛൻ – മകൻ ബന്ധം ശക്തമായി പറയുന്നുണ്ട്. അജോ തോമസ് എന്ന വാഴയാണ് ഞാൻ. ഒരുപാട് ഓഡിഷനില്‍ പങ്കെടുത്തിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു.

റീല്‍സ് താരം
റീല്‍സ് കണ്ടാണ് രോമാഞ്ചത്തിന്റെ സംവിധായകൻ ജിതു മാധവൻ വിളിക്കുന്നത്. വിശുദ്ധ മെജോ, വെള്ളരിപ്പട്ടണം എന്നീ സിനിമകളില്‍ ചെറിയ വേഷവും രോമാഞ്ചവും ഗുരുവായൂരമ്ബല നടയില്‍, വാഴ എന്നീ സിനിമകളില്‍ മുഴുനീള കഥാപാത്രവും ചെയ്തു. അടിപൊളി ആളുകളിലേക്ക് എത്തുന്നതിനാല്‍ സിനിമകള്‍ സൂപ്പർ ഹിറ്റാകുന്നു. അതില്‍ ഭാഗമാകാൻ എനിക്ക് കഴിയുന്നു. അഭിനയിക്കാനാണ് സിനിമയില്‍ വന്നത്. ചാനലുകളില്‍ രണ്ടു മിനിറ്റ് സ്കെച്ചുകള്‍ എഴുതുമായിരുന്നു. അപ്പോഴും അഭിനയമായിരുന്നു ലക്ഷ്യം. സഹസംവിധായകരായ സുഹൃത്തുക്കളോട് കഥകള്‍ പറയുമായിരുന്നു. കേള്‍ക്കുമ്ബോള്‍ അവർക്ക് താത്പര്യം ഉണ്ടെന്ന് തോന്നി. കഥയുടെ ക്ലൈമാക്സ് എന്താണെന്ന് ആദ്യമായി ഒരാള്‍ ചോദിച്ചു. അതാണ് മരണമാസ്സിന്റെ സംവിധായകൻ ശിവപ്രസാദ്. ഞാൻ പറയുന്ന കഥകള്‍ക്ക് പലപ്പോഴും അവസാനം ഉണ്ടാവാറില്ല. ഡാർക്ക് ഹ്യൂമർ എന്ന വിശ്വാസത്താല്‍ എഴുതിയതാണ് മരണമാസ്സ്. ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. അഭിനയവും തിരക്കഥ എഴുത്തും ഒരുമിച്ച്‌ കൊണ്ടുപോകാനാണ് ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *