വാരണാസിയില്‍ 100 വര്‍ഷത്തിലേറെയായി പൂട്ടിയിട്ടിരുന്ന ശിവക്ഷേത്രം തുറന്നു

വാരണാസിയില്‍ 100 വർഷത്തിലേറെയായി പൂട്ടിയിട്ടിരുന്ന ശിവക്ഷേത്രം തുറന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ ക്ഷേത്രമാണ് വൻ പൊലീസ് സന്നാഹത്തോടെ ജില്ലാ ഭരണകൂടം തുറന്നത്.

സനാതൻ രക്ഷക് ദളിന്റെ അഭ്യർത്ഥനയെ തുടർന്നാണ് സിദ്ധേശ്വർ മഹാദേവ് ക്ഷേത്രം തുറന്നത്. ക്ഷേത്രത്തില്‍‌ ആരാധന നടത്താനും അധികൃതർ അനുമതി നല്‍കിയിട്ടുണ്ട്.

ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ പൂട്ട് തുറന്നത്. കേടുപാടുകള്‍ സംഭവിച്ച മൂന്ന് ശിവലിംഗങ്ങളും മറ്റ് അവശിഷ്‍ടങ്ങളും ക്ഷേത്രത്തിനുള്ളില്‍ നിന്നും കണ്ടെത്തി. 100 വർഷത്തിലേറെയായി ക്ഷേത്രം പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് കാശി ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് ബൻസ്വാള്‍ പറഞ്ഞു. രണ്ടടിയോളം മണ്ണ് കൂന കൂടി കിടക്കുകയാണ്. അതിപുരാതനമായ വസ്തുക്കള്‍ കണ്ടെത്താൻ സാധ്യതയുള്ളതിനാല്‍ അവശിഷ്ടങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് നീക്കം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാശി നിവാസികളുടെ ശ്രമങ്ങളാണ് ക്ഷേത്രം വീണ്ടും തുറക്കുന്നതിലേക്ക് നയിച്ചതെന്ന് സനാതൻ രക്ഷക് ദള്‍ സംസ്ഥാന പ്രസിഡൻ്റ് അജയ് ശർമ പറഞ്ഞു. പ്രദേശത്ത് ക്രമസമാധനം ഉറപ്പാക്കുന്നതിനായി പൊലീസിന് പുറമേ പിഎസിയും നിരീക്ഷണം നടത്തുന്നുണ്ട്. ഡ്രോണ്‍ ഉള്‍പ്പടെയുള്ളവ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രം പുനരുദ്ധാരണം നടത്താനൊരുങ്ങുകയാണ് ഭക്തർ.

ക്ഷേത്രത്തിൻ്റെ താക്കോല്‍ അധികൃതർ വിശ്വഹിന്ദു പരിഷത്തിന് കൈമാറി. ക്ഷേത്രം തുറക്കുന്ന സമയത്തും വൃത്തിയാക്കുന്ന സമയത്തും സമാധാനം ഉറപ്പാക്കാൻ ഹിന്ദു സംഘടനകളും പ്രദേശത്തെ മുസ്ലീങ്ങളും സഹകരിച്ചെന്നാണ് റിപ്പോർട്ട്. മകരസംക്രാന്തിക്ക് ശേഷം ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി ക്ഷേത്രത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കാൻ താല്‍പ്പര്യമുള്ള സംഘടനകളുമായി ചർച്ച നടത്തുമെന്ന് വിഎച്ച്‌പി ഭാരവാഹികള്‍ പറഞ്ഞു.‌

വിഎച്ച്‌പിയുടെയും സനാതൻ രക്ഷക് ദളിൻ്റെയും പ്രതിനിധികളും പ്രാദേശിക മുസ്‌ലിംകളും പോലീസ്, ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു. എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ക്ഷേത്രം വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തത്. ഇത് ഒരു പൊതു ക്ഷേത്രമാണെന്നും ഉടമസ്ഥാവകാശത്തില്‍ തർക്കമില്ലെന്നും എഡിഎം അലോക് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *