വായിച്ചാലും ഇല്ലെങ്കിലും വളരും, പക്ഷെ വായിച്ചാൽ ഇനി ‘ഗ്രേസ് മാർക്ക്’ കിട്ടും; പുതിയ പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി

വിദ്യാർത്ഥികൾക്കായി പുത്തൻ പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി. പുസ്തക വായനയ്‌ക്കും പത്രവായനയ്‌ക്കും ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ സമാപന ചടങ്ങിലായിരുന്നു പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം

കേരള നിയമസഭയുടെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് ആശംസകൾ നേർന്നതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കേരളത്തിൽ പൊതുവിദ്യാഭ്യാസ രം​ഗത്ത് 37 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നു. ഇവർക്ക് പല വിഷയങ്ങൾക്കും ​ഗ്രേസ് മാർക്ക് നൽകി വരുന്നുണ്ട്. നമ്മുടെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ​പത്രവായനയ്‌ക്കും പുസ്തക വായനയ്‌ക്കും ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു. അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരികയാണ്. അദ്ധ്യാപകരും രക്ഷകർത്താക്കളും വായനയെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

വായനയ്‌ക്ക് ​ഗ്രേസ് മാർക്ക് നൽകുന്നത് സംബന്ധിച്ച് ആലോചനയിലാണെന്ന് നേരത്തെ മന്ത്രി സൂചന നൽകിയിരുന്നു. ഇതിനായി എസ്.സി.ഇ.ആർ.ടി മാർ​ഗരേഖ തയ്യാറാക്കുമെന്നായിരുന്നു പ്രഖ്യാപനം. കുട്ടികൾ പത്രം വായിക്കുന്നത് ഉറപ്പാക്കുക, ഇതിനായി പ്രത്യേക പിരിയഡ്, പത്രവാർത്തയെക്കുറിച്ച് ചർച്ച, കുറിപ്പ് എഴുതൽ എന്നിങ്ങനെ നിരവധി നിർദേശങ്ങൾ മന്ത്രിക്ക് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വിശദമായ പ്രഖ്യാപനം വരുംദിവസങ്ങളിൽ ഉണ്ടായേക്കും

Leave a Reply

Your email address will not be published. Required fields are marked *