വാട്ട്സ് ആപ്പ് കോളില്‍ തുടങ്ങിയ ബന്ധം; അധ്യാപക ദിനത്തില്‍ അധ്യാപികയെ കൊലപ്പെടുത്തിയ അധ്യാപകന് ജീവപര്യന്തം

അധ്യാപികയെ കഴുത്തുഞെരിച്ച്‌ കൊന്ന കേസില്‍ അധ്യാപകന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

പ്രതിയായ രുദ്രേഷ് കൊല്ലപ്പെട്ട അധ്യാപികയുമായി വിവാഹേതര ബന്ധം പുലര്‍ത്തിbവരികയായിരുന്നുവെന്ന് കോടതി കണ്ടെത്തി.

കമ്ബദൂരിലെ കദിരിദേവരപള്ളി സ്വദേശിയായ രുദ്രേഷ് എംഎ ബിരുദധാരിയാണ്. ഇദ്ദേഹവും ബിരുദധാരിയായ ഇയാളുടെ ഭാര്യയായ പ്രവതിയും കല്യാണ്‍ദുര്‍ഗ് ടൗണില്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തിവരികയായിരുന്നു.

അപ്പോഴാണ് ടിടിസിയ്ക്ക് പഠിച്ചുകൊണ്ടിരുന്ന വിജയലക്ഷ്മി എന്ന യുവതിയെ ഒരു വാട്‌സ് ആപ്പ് കോളിലൂടെ രുദ്രേഷ് പരിചയപ്പെട്ടത്. വിജയലക്ഷ്മിയുടെ ഭര്‍ത്താവ് ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഒന്നര വയസുള്ള മകനുമുണ്ട്. എന്നാല്‍ രുദ്രേഷും വിജയലക്ഷ്മിയും തങ്ങളുടെ ബന്ധം തുടര്‍ന്നുപോന്നു.

ഇരുവരുടെയും ബന്ധമറിഞ്ഞ രുദ്രേഷിന്റെ ഭാര്യ ഇതിന്റെ പേരില്‍ ഇയാളുമായി വഴക്കിടുകയും ചെയ്തു. രുദ്രേഷിന്റെയും വിജയലക്ഷ്മിയുടെയും വാട്‌സ് ആപ്പ് ചാറ്റുകളും ഫോട്ടോകളും രുദ്രേഷിന്റെ ഭാര്യ കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

പിന്നാലെ ഭാര്യയെ ഉപേക്ഷിക്കാന്‍ വിജയലക്ഷ്മി രുദ്രേഷിനോട് പറഞ്ഞു. താന്‍ തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ രുദ്രേഷിനോടൊപ്പം ജീവിക്കാന്‍ തയ്യാറാണെന്നും വിജയലക്ഷ്മി പറഞ്ഞു. ഇതോടെ രുദ്രേഷ് സമ്മര്‍ദ്ദത്തിലായി.

തുടര്‍ന്ന് 2018 സെപ്റ്റംബര്‍ 5ന് അധ്യാപക ദിനാഘോഷത്തില്‍ തന്നോടൊപ്പം സമയം ചെലവഴിക്കണമെന്ന് വിജയലക്ഷ്മി രുദ്രേഷിനോട് പറഞ്ഞു. ഇയാളെ വിജയലക്ഷ്മി അനന്ത്പൂരിലേക്ക് ക്ഷണിക്കുകയും ചെയ്തു. അന്നേദിവസം അനന്ത്പൂരിലെത്തിയ രുദ്രേഷ് ഒരു സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്ത് വിജയലക്ഷ്മിയുമായി യാത്ര ചെയ്തു. ശേഷം ഉദിപിരികൊണ്ട-ശിവറാംപേട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഇയാള്‍ വിജയലക്ഷ്മിയെ എത്തിച്ചു. ഇവിടെവെച്ച്‌ വിജയലക്ഷ്മിയെ ഇയാള്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിജയലക്ഷ്മി ധരിച്ചിരുന്ന ആഭരണങ്ങളും മോഷ്ടിച്ചാണ് ഇയാള്‍ സ്ഥലം വിട്ടത്.

കല്യാണ്‍ദുര്‍ഗിലെത്തിയ രുദ്രേഷ് വിജയലക്ഷ്മിയുടെ ആഭരണം വിറ്റ് എല്‍ഇഡി ടിവി വാങ്ങി. ബാക്കി പണം ഉപയോഗിച്ച്‌ ഇയാള്‍ ഒരു സ്വര്‍ണമാലയും വാങ്ങി.

എന്നാല്‍ വിജയലക്ഷ്മിയെ കാണാതായതോടെ ഇവരുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. സ്വകാര്യ സ്‌കൂളിലെ അധ്യാപക ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയ ഭാര്യ തിരികെ വന്നില്ലെന്നായിരുന്നു വിജയലക്ഷ്മിയുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉദിപിരികൊണ്ടയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. അനന്ത്പൂരിലേയും ഉദിപിരികൊണ്ടയിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കൊലപാതകം നടത്തിയത് രുദ്രേഷ് ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പതിനഞ്ചിലധികം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ഇയാള്‍ക്ക് ജീവപര്യന്തം വിധിച്ചത്. തിങ്കളാഴ്ചയാണ് ജില്ലാസെഷന്‍സ് കോടതി ജഡ്ജി ജി. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് രുദ്രേഷിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *