വാഗ്ദാനം വിദേശത്തെ വൻകിട കമ്ബനികളിലെ ജോലി, ചെയ്യേണ്ടത് സൈബര്‍ തട്ടിപ്പ്; അഭിഭാഷകൻ പിടിയില്‍

ഉയർന്ന ശമ്ബളമുള്ള ജോലി വാഗ്ദാനംചെയ്ത് യുവാക്കളെ വിദേശത്തേക്ക് കടത്തി തട്ടിപ്പുനടത്തിയ കേസില്‍ അഭിഭാഷകനായ ഏജന്റിനെ പാലക്കാട് സൈബർ പോലീസ് അറസ്റ്റുചെയ്തു.

കൊല്ലങ്കോട് ഊട്ടറ ഏറാട്ടുവീട്ടില്‍ ശ്രീജിത്തിനെയാണ് (31) ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. കെ.സി. വിനു, സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ പി.ഡി. അനൂപ്മോൻ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്.

വിദേശങ്ങളിലുള്ള ബഹുരാഷ്ട്ര കമ്ബനികളില്‍ ആകർഷകമായ ശമ്ബളത്തില്‍ ജോലി വാഗ്ദാനംചെയ്ത് യുവാക്കളില്‍നിന്ന് വൻതുക കമ്മീഷൻ വാങ്ങി തട്ടിപ്പുനടത്തിയെന്ന പരാതിയിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ യുവാവില്‍നിന്ന് മൂന്നുലക്ഷംരൂപ വാങ്ങി ലാവോസിലുള്ള കമ്ബനിയില്‍ എക്സിക്യുട്ടീവ് ജോലി വാഗ്ദാനം ചെയ്യുകയും യുവാവിനെ അവിടേക്ക് ശ്രീജിത്ത് കയറ്റിവിടുകയും ചെയ്തിരുന്നു.

അവിടെ എത്തിയ യുവാവിന് ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന സൈബർ തട്ടിപ്പുകേന്ദ്രങ്ങളില്‍ നിർബന്ധിതജോലിയാണ് ലഭിച്ചത്. ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ആളുകളെ സൈബർ തട്ടിപ്പിനിരയാക്കി കൂടുതല്‍ തുക നേടിക്കൊടുക്കാനുള്ള ലക്ഷ്യം നല്‍കിയെന്നും വിസമ്മതിച്ചപ്പോള്‍ കഠിനമായ മർദനം നേരിടേണ്ടിവന്നെന്നും യുവാവ് പരാതിപ്പെട്ടിരുന്നു. ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടതായും പരാതിയുണ്ട്.

നടത്തിപ്പുകാരറിയാതെ, യുവാവ് വീട്ടുകാരെ വിവരം ധരിപ്പിക്കുകയും വീണ്ടും ഏജന്റുമുഖേന പണംനല്‍കി തിരികെ നാട്ടിലെത്തുകയുമായിരുന്നു. തുടർന്നാണ്, പോലീസില്‍ പരാതി നല്‍കിയത്.

പോലീസിന്റെ അന്വേഷണത്തില്‍ രണ്ടുപേർ ശ്രീജിത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കണ്ടെത്തി. കൂടുതല്‍പ്പേർ ഇരയായിട്ടുണ്ടോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കൊല്ലങ്കോട് പട്ടണത്തില്‍ വെങ്ങുനാട് ലാ ഫേം എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ശ്രീജിത്ത്. ഇവിടെനിന്നാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. എ.എസ്.ഐ. എം. മനേഷ്, സൈബർ സെല്‍ ജീവനക്കാരായ എച്ച്‌. ഹിരോഷ്, കെ. ഉല്ലാസ്കുമാർ, ശരണ്യ, നിയാസ്, പ്രേംകുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

കംബോഡിയ, ലാവോസ്, തായ്ലൻഡ്, ബാങ്കോക്ക്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ ചൈനക്കാർ നിയന്ത്രിക്കുന്ന ധാരാളം സൈബർ തട്ടിപ്പുകേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്നും മലയാളികളെയും മറ്റ് സംസ്ഥാനക്കാരെയും ഉപയോഗിച്ച്‌ ഇന്ത്യക്കാരുടെ സമ്ബത്തു തട്ടിയെടുക്കുന്ന സംഘങ്ങള്‍ കൂടിവരുന്നുണ്ടെന്നും സൈബർ സെല്‍ മുന്നറിയിപ്പുനല്‍കി. ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പിനിരയായാല്‍ ടോള്‍ ഫ്രീ നമ്ബറായ 1930 ലോ cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യണമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *