പാര്‍ട്ടി സമ്മേളനത്തിനായി റോഡ് അടച്ച് പന്തല്‍ കെട്ടിയ സംഭവത്തില്‍ തെറ്റ് സമ്മതിച്ച് സിപിഎം.
അത്തരത്തില്‍ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ല എന്ന അഭിപ്രായം പാര്‍ട്ടിക്കുണ്ടെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി പ്രതികരിച്ചു.
ഇക്കാര്യത്തില്‍ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിക്ക് പിശകുണ്ടായി. നിയമലംഘനം നടന്നതുകൊണ്ടാണ് കേസെടുത്തത്.
വേദി കെട്ടിയത് മെയിന്‍ റോഡിലല്ല, പാര്‍ക്കിംഗിനായുള്ള ബൈ റോഡിലാണ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ജോയി കൂട്ടിച്ചേർത്തു.
അതേസമയം പാര്‍ട്ടി സമ്മേളനത്തിനായി റോഡ് അടച്ച് പന്തല്‍ കെട്ടിയ സംഭവത്തില്‍ സിപിഎം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു അടക്കം 31 പേരെ കേസില്‍ പ്രതി ചേര്‍ത്തു. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി.