വരുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ യു.ഡി. എഫിലായിരിക്കും. അത്ഭുതപ്പെടാൻ വരട്ടെ

പിണറായിയുടെ പ്രിയപ്പെട്ട മന്ത്രി കെ.ബി. ഗണേഷ് കുമാർ വരുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ യു.ഡി. എഫിലായിരിക്കും. അത്ഭുതപ്പെടാൻ വരട്ടെ.ഇക്കഴിഞ്ഞ ദിവസം പെരുന്നയില്‍ മന്നം ജയന്തി ഉദ്ഘാടനത്തിനെത്തിയ രമേശ് ചെന്നിത്തലയുമായി അടച്ചിട്ട മുറിയില്‍ അര മണിക്കൂർ ജി.സുകുമാരൻ നായർ നടത്തിയ രഹസ്യചർച്ചയില്‍ ഒരജണ്ട കെ. ബി. ഗണേഷ് കുമാറിന്റെ യു.ഡി.എഫ്.പ്രവേശനമായിരുന്നു.

ചർച്ച അവസാനിക്കാറായപ്പോള്‍ ഗണേശനെ മുറിയിലേക്ക് വിളിച്ച്‌ സുകുമാരൻ നായർ ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ഇക്കാര്യത്തില്‍ ഉറപ്പു വാങ്ങിയെന്നാണ് കേള്‍ക്കുന്നത്. നായർ സർവീസ് സൊസൈറ്റിയുടെ നേതൃസ്ഥാനത്തിരിക്കുന്ന ഗണേഷിനോട് ഇടതുമുന്നണി അനുയോജ്യ തട്ടകമല്ലെന്ന് സുകുമാരൻ നായർ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ സർക്കാർ തീരാൻ ഒരു മാസമുള്ളപ്പോള്‍ മാത്രം കടുത്ത തീരുമാനം മതിയെന്നാണ് സുകുമാരൻ നായർ നല്‍കിയ ഉപദേശം.കാരണം ഇടതിലായാലും വലതിലായാലും ഗണേശൻ പത്തനാപുരത്ത് നിന്നും ജയിക്കും.

ഇതിനുള്ള ആദ്യ വെടിയാണ് ഇന്നലെ ഗണേശൻ പൊട്ടിച്ചത്. അതായത് ക്ഷേത്രങ്ങളില്‍ പോകുന്ന വിശ്വാസികളോട് കളിക്കരുതെന്ന ശക്തമായ താക്കീതാണ് ഗണേശൻ മുഖ്യമന്ത്രിക്ക് നല്‍കിയത്. ഗണേശന്റെ പ്രതികരണം വീഡിയോയില്‍ കണ്ട മുഖ്യമന്ത്രി ഞെട്ടിയെന്നാണ് വിവരം. ആചാരങ്ങള്‍ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ ശക്തമായ ഭാഷയിലാണ് തുറന്നടിച്ചത്. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്.

ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ക്ക് എന്തെങ്കിലും നിർദേശമുണ്ടെങ്കില്‍ തന്ത്രിയുമായി ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാർ.ആരാധനാലയങ്ങളില്‍ ഉടുപ്പ് ഊരി പ്രവേശിക്കണമെന്ന നിബന്ധനയില്‍ കാലാനുസൃതമായി മാറ്റംവരണമെന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി തീർഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചിരുന്നു.

ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങളിലെല്ലാം ആദ്യം മാറ്റം വരുത്തുമെന്നാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞതെന്നും മറ്റ് ആരാധനാലയങ്ങള്‍ കൂടി ആ മാതൃക പിന്തുടരാൻ ഇടയാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഗണേശന്റെ പ്രതികരണം.കഴിഞ്ഞ ദിവസം ഗണേശന്റെ സാന്നിധ്യത്തിലാണ് ജി. സുകുമാരൻ നായർ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്. സച്ചിദാനന്ദക്ക് എതിരെയും പ്രതികരിച്ചു. പ്രതികരണങ്ങള്‍ കൊള്ളേണ്ടിടത്ത് കൊണ്ടു. മുഖ്യമന്ത്രി പ്രതികരിച്ചില്ലെങ്കിലും സച്ചിദാനന്ദ സുകുമാരൻ നായർക്കെതിരെ രംഗത്തെത്തി. ഗണേശൻ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചത് സി പി എം നേതൃത്വത്തെയും ഇടതുമുന്നണിയെയും അത്ഭുതപ്പെടുത്തി.

ഗണേശൻ യു ഡി എഫിലേക്ക് പോകുമെന്ന ചില സൂചനകള്‍ സി.പി.എം നേതൃത്വത്തിന് മുമ്ബേയുണ്ടായിരുന്നു. ഇടതുമുന്നണി സർക്കാരിന്റെ ഇമേജ് താഴേക്ക് പതിക്കുന്നതാണ് പ്രധാന കാരണം. നായർ, ഈഴവ, ക്രിസ്ത്യൻ, മുസ്ലീം വോട്ടുകള്‍ യു ഡി എഫില്‍ കേന്ദ്രീകരിക്കുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ പാട്ടും പാടി യു.ഡി. എഫിന് അധികാരത്തിലെത്താൻ കഴിയും.ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പ് കെ.സി. വേണുഗോപാല്‍ സുകുമാരൻ നായർക്ക് നല്‍കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.. ചെന്നിത്തലയെ സുകുമാരൻ നായർ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാക്കി മാറ്റിയെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ നിന്നും അക്കാര്യം വായിക്കാം. വേണുഗോപാലിന് കേരളത്തില്‍ മുഖ്യമന്ത്രിയാവാൻ താല്‍പ്പര്യമില്ല. ഡല്‍ഹിയില്‍ കേന്ദ്രീകരിക്കാനാണ് തീരുമാനം.

ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാണിച്ച്‌ എല്ലാവരുടെയും പിന്തുണ നേടുകയാണ് ലക്ഷ്യം. മുസ്ലീം സമുദായത്തിലും ക്രൈസ്തവർക്കിടയിലും ഇതിനകം അദ്ദേഹം പിന്തുണ കരസ്ഥമാക്കിയിട്ടുണ്ട്. ഇതാണ് സ്ഥിതിയെന്നിരിക്കെ എൻ എസ്‌എസ് ഡയറക്ടർ ബോർഡ് അംഗം പിണറായി മന്ത്രിസഭയില്‍ അംഗമാകുന്നത് എങ്ങനെ ശരിയാകും? ഗണേഷ് കുമാറിനെതിരെ എല്‍ഡിഎഫ് പാർലമെൻററി യോഗത്തില്‍ മുഖ്യമന്ത്രി രോഷാകുലനായത് കുറച്ച്‌ മാസങ്ങള്‍ മുമ്ബായിരുന്നു.

അന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡില്‍ അദ്ദേഹം അംഗമായിരുന്നില്ല.ഗണേഷിൻ്റെ മാധ്യമശ്രദ്ധ കണ്ടിട്ടാണ് പിണറായി അന്ന് ചൂടായത്.വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങള്‍ എന്നായിരുന്നു പിണറായി വിജയൻ്റെ കുറ്റപ്പെടുത്തല്‍. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാർ എല്‍ഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ ഗണേഷിൻ്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. അതിന് മുന്നേയുള്ള എല്‍ഡിഎഫ് യോഗത്തില്‍ സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

മണ്ഡലങ്ങളില്‍ വികസന പ്രവർത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിൻറെ വിമർശനം.പുതുപ്പള്ളി പോളിംഗിന് തലേന്ന് മുന്നാക്ക സമുദായ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ നടപടി ഗണേശനെ പേടിച്ച്‌ മുഖ്യമന്ത്രി മരവിപ്പിച്ചു. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നില്‍ പ്രവർത്തിച്ചുവെന്ന് എൻഎസ്‌എസ് ആരോപിക്കുന്ന ദേവസ്വം ബോർഡ് മുൻ അധ്യക്ഷനായ രാജഗോപാലൻ നായരെയാണ് എൻഎസ്‌എസ് ഡയറക്ടർ ബോർഡ് അംഗം ഗണേഷ് കുമാറിൻ്റെ നോമിനിയെ പിൻവലിച്ച ശേഷം സർക്കാർ നിയമിച്ചത്.

കേരള കോണ്‍ഗ്രസ് ബി ശക്തമായ പ്രതിഷേധമാണ് നടത്തിയത്. ഗണേഷ് കുമാർ സിപിഎം സെക്രട്ടറിയെ തൻ്റെ നിലപാട് അറിയിച്ചു. അങ്ങനെ മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.കെ ജി പ്രജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്.കെബി ഗണേഷ്കുമാറിന്‍റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി .പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങി. പഴയ ഗണേഷ് ആയിരുന്നെങ്കില്‍ ഇത് സംഭവിക്കുകയില്ലായിരുന്നു. ശബരിമല വിഷയത്തില്‍ എൻ എസ് എസിൻ്റെ ശത്രുവായ രാജഗോപാലൻ നായരെ മുന്നാക്ക കോർപ്പറേഷനില്‍ നിയമിച്ചതിലൂടെ പിണറായി സംഘടനയെ അപമാനിച്ചതായി സുകുമാരൻ നായർ കരുതി.

രാജഗോപാലൻ നായരെ ചെയർമാനാക്കിയാണ് ഭരണസമിതി സർക്കാർ പുനസംഘടിപ്പിച്ചത്.കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ് പ്രേംജിത്. ആർ.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു പാർട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്.പാർട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതില്‍ കേരള കോണ്‍ഗ്രസ് ബി ക്ക് അതൃപ്‌തിയുണ്ടായി. ഇടതുമുന്നണി കണ്‍വീനര്‍ക്ക് കെബി ഗണേഷ്കുമാര്‍ കത്ത് നല്‍കിയിരുന്നു. മുന്നണി മര്യാദ പാലിക്കാതെയുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കേരള കോണ്‍ഗ്രസ് ബിയുടെ ഏക എംഎല്‍എ കെബി ഗണേഷ് കുമാർ സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങള്‍ ഉന്നയിക്കാറുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി കെ ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റർ റോഡ് പോലും പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഗണേഷ് കുമാറിന്‍റെ വിമര്‍ശനം അതിരു കടന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പ്രതിനിധിയെ മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്.

മുന്നാക്ക സമുദായ കോർപ്പറേഷൻ എൻഎസ്‌എഎസിൻ്റെ ഒരു സ്വന്തം സ്ഥാപനമാണ്. ഉമ്മൻ ചാണ്ടി സർക്കാരാണ് മുന്നാക്ക സമുദായ കോർപ്പറേഷനും കമ്മിഷനും രൂപീകരിച്ചത്. എൻ എസ് എസുമായി കൂടിയാലോചിക്കാതെ ഇവിടെ ഇടതു വലതു മുന്നണികള്‍ നിയമനം നടത്തുക പതിവില്ല. ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇതു തന്നെയായിരുന്നു രീതി. ജി.സുകുമാരൻ നായരും പിണറായിയും തമ്മില്‍ യോജിക്കാനാവാത്ത അകലമാണ് നിലവിലുണ്ടായിരുന്നത്.. നാമജപ ഘോഷയാത്രക്കെതിരെ കേസ് എടുത്തത് ഇതിൻ്റെ തുടർച്ചയായിട്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിന് തലേന്ന് കേസില്‍ നിന്നും സർക്കാർ പിൻമാറി. എൻ എസ് എസിൻ്റെ പല നിലപാടുകളോടും പിണറായിക്ക് യോജിപ്പില്ല.

Leave a Reply

Your email address will not be published. Required fields are marked *