വയോജനങ്ങള്‍ക്കായി കൈകോര്‍ത്ത് ഇഹ്സാനും ഖത്തര്‍ മ്യൂസിയവും

വയോജനങ്ങളെ സാമൂഹിക പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സജീവമാക്കുന്ന പദ്ധതിയുമായി ‘ഇഹ്സാനും’ ഖത്തർ മ്യൂസിയവും.

വയോജന സംരക്ഷണമെന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ‘ഇഹ്സാൻ’ (സെൻറർ ഫോർ എംപവർമെൻറ് ആൻഡ് കെയർ ഓഫ് ദി എല്‍ഡർലി) ഖത്തർ മ്യൂസിയവുമായി സഹകരിച്ചാണ് വിവിധ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച്‌ ഇരു വിഭാഗവും ധാരണപത്രത്തില്‍ ഒപ്പുവെച്ചു. സമൂഹത്തില്‍ പ്രായമായവരുടെ പങ്ക് അംഗീകരിക്കുന്നതിനും സാമൂഹികവും സാമ്ബത്തികവും സാംസ്‌കാരികവുമായ വികസനത്തില്‍ അവരുടെ പങ്കാളിത്തം സജീവമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഇഹ്‌സാൻ അറിയിച്ചു.

വയോജനങ്ങളുടെ അവകാശങ്ങളെയും അടിസ്ഥാന പ്രശ്‌നങ്ങളെയും കുറിച്ച്‌ സമൂഹത്തെ ബോധവത്കരിക്കുകയും തലമുറകള്‍ക്കിടയില്‍ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യും. മുതിർന്നവരുടെ പരിചരണത്തില്‍ അവരുടെ കുടുംബത്തിന്റെ പങ്ക് കൂടി സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യും. ധാരണപത്രത്തില്‍ ഇഹ്‌സാൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ മനാല്‍ അഹ്മദ് അല്‍ മന്നാഈ, ഖത്തർ മ്യൂസിയം സി.ഇ.ഒ മുഹമ്മദ് സഅദ് അല്‍ റുമൈഹി എന്നിവർ ഒപ്പുവെച്ചു.

പ്രായമായവർ സമൂഹത്തിന്റെ പ്രധാന ഭാഗമാണെന്നും അവരെ മികച്ച രീതിയില്‍ പരിചരിക്കുകയും പിന്തുണക്കുകയും ചെയ്യണമെന്നും മനാല്‍ അല്‍ മന്നാഈ പറഞ്ഞു.ഖത്തർ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങളിലും പരിപാടികളിലും സമൂഹത്തിലെ എല്ലാവർക്കും പങ്കാളിത്തം നല്‍കാനും അവരെ സാംസ്‌കാരികമായി സമ്ബന്നമാക്കാനും ശ്രമിക്കുമെന്ന് അല്‍ റുമൈഹി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *