വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകം തന്നെയെന്ന് പിതാവ് ഉണ്ണി

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകം തന്നെയെന്ന് പിതാവ് ഉണ്ണി. ബാലഭാസ്‌കറിന്റെ മരണത്തിൽ തൃപ്‌തികരമായ അന്വേഷണം നടന്നിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഡ്രൈവർ അർജുന്റെ പങ്ക് വീണ്ടും ഉയർത്തിക്കാട്ടി. ബാലഭാസ്‌കറിന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന സംശയം അന്ന് തന്നെ പ്രകടിപ്പിച്ചിരുന്നതായും ഉണ്ണി വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹം ഡ്രൈവർ അർജുനെതിരെ രംഗത്ത് വന്നത്

ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുൻ സ്വർണക്കവർച്ച കേസിൽ അറസ്‌റ്റിലായതിന് പിന്നാലെയാണ് ഉണ്ണി ആരോപണം ഉയർത്തുന്നത്. അർജുൻ മുൻപ് പല കേസുകളിലും പ്രതിയായിരുന്നുവെന്നും അപകടത്തിന് ശേഷം ഇക്കാര്യങ്ങൾ എല്ലാം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം എന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി ചൂണ്ടിക്കാട്ടി.

മകന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ഉണ്ണിയുടെ ആരോപണം. സിബിഐയും സ്വാധീനത്തി വഴങ്ങി കേസ് അന്വേഷണം അവസാനിപ്പിച്ചു. സ്വർണക്കടത്ത് മാഫിയയുടെ ഇടപെടലാണ് അപകടത്തിലേക്ക് നയിച്ചത്. സിബിഐ പക്ഷേ ആ ദിശയിൽ അന്വേഷനം നടത്തിയില്ല. വാഹനം ഓടിച്ചിരുന്നത് അർജുനാണ് എന്നത് മാത്രമാണ് സിബിഐ കണ്ടെത്തിയതെന്നും ബാലഭാസ്‌കറിന്റെ പിതാവ് പറയുന്നു.

സിബിഐ അന്വേഷണം സംബന്ധിച്ച കേട്ടുകേൾവി മാത്രമാണ് തങ്ങൾക്കുള്ളത്. അവിടെയും ഇവിടെയും തൊടാത്ത റിപ്പോർട്ടാണ് സിബിഐ കോടതിയിൽ നൽകിയത്. കള്ളക്കടത്ത് സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് അന്വേഷണ സംഘങ്ങൾ പോലും ശ്രമിച്ചതെന്നും സിബിഐ അന്വേഷണത്തിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഉണ്ണി ആരോപിച്ചു.

വിഷ്‌ണു, തമ്പി എന്നിവരാണ് ബാലഭാസ്‌കറിന്റെ കൊലപാതകത്തിന് പിന്നിൽ. സ്വർണക്കടത്ത് സംഘമാണ് കൊലപ്പെടുത്തിയത്. ഇവർ കുറച്ചുകാലം ജയിലിൽ ആയിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ഇപ്പോഴും സ്വർണക്കടത്ത് പോലെയുള്ള കാര്യങ്ങൾ തുടരുകയാണ്. ഇവർക്കെല്ലാം വളരെയധികം പിടിപാടുണ്ടെന്നും ഉണ്ണി കൂട്ടിച്ചേർത്തു.

അതേസമയം, കേസിൽ വഴിത്തിരിവായി കൊണ്ടാണ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുൻ സ്വർണക്കവർച്ച കേസിൽ പോലീസിന്റെ പിടിയിലായത്. പെരിന്തൽമണ്ണയിൽ വച്ച് ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരകിലോ സ്വർണ കവർന്ന കേസിലാണ് അർജുൻ പോലീസിന്റെ പിടിയിലായത്. പതിമൂന്ന് പേരാണ് സംഭവത്തിൽ ഇതുവരെ പിടിയിലായത്.

2018 സെപ്റ്റംബർ 25ന് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്‌കർ കൊല്ലപ്പെട്ടത്. ഈ സമയം വാഹനം ഓടിച്ചിരുന്നത് അർജുനനാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അപകടത്തിൽ ബാലഭാസ്‌കറിന്റെ മകളും മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്‌മി ഗുരുതരമായ പരിക്കുകളോടെ ഏറെക്കാലം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ആരോഗ്യനില വീണ്ടെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *