വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ എല്ലാ കുടുംബങ്ങളുടെയും വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകള്‍.
മൊറട്ടോറിയം പ്രഖ്യാപിക്കാൻ ബാങ്കുകള്‍ക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിർദേശം നല്‍കി. 22 കോടി രൂപയുടെ വായ്പയാണ് ദുരന്തത്തിനിരയായവർ തിരിച്ചടയ്‌ക്കാനുള്ളതെന്നാണ് ജില്ലാതല ബാങ്കേഴ്സ് സമിതിയുടെ പ്രാഥമിക കണക്കെടുപ്പ് പ്രകാരമുള്ള വിവരം.
ഇവരില്‍ ആരെയും വായ്പ തിരിച്ചടയ്‌ക്കാൻ ആവശ്യപ്പെട്ട് നേരിട്ടോ ഫോണിലൂടെയോ തപാലിലൂടെയോ ശല്യപ്പെടുത്തരുതെന്നും നിർദേശം നല്‍കിയിട്ടുണ്ട്. കൃഷി വായ്പകള്‍ക്കാണ് ആദ്യം മൊറട്ടോറിയം അനുവദിക്കുക. 50% വരെ കൃഷി നശിച്ചിട്ടുണ്ടെങ്കില്‍ ഒരു വർഷത്തെ മൊറട്ടോറിയവും ഒരു വർഷത്തെ അധിക തിരിച്ചടവു കാലാവധിയും അനുവദിക്കാം. 50 ശതമാനത്തിനു മേല്‍ കൃഷി നാശമുണ്ടെങ്കില്‍ 5 വർഷം വരെ തിരിച്ചടവ് കാലാവധി നീട്ടി നല്‍കാനാകും.
വായ്പയെടുത്തവർ മൊറട്ടോറിയം അനുസരിച്ച് ഒരു വർഷം പണം തിരിച്ചടയ്‌ക്കേണ്ടതില്ല. അത് കഴിഞ്ഞുള്ള തിരിച്ചടവിനായി വായ്പ പുനക്രമീകരിച്ചു നല്‍കും. തിരിച്ചടവിലെ ഒരു വർഷത്തെ അവധി ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. ഈ കാലയളവിലെ പലിശ ബാക്കി തിരിച്ചടയ്‌ക്കാനുള്ള വായ്പത്തുകയില്‍ ഉള്‍പ്പെടുത്തുന്നതാണു രീതി. പൂർണമായി വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ വായ്പ എഴുതിത്തള്ളിയാലുള്ള സാമ്ബത്തിക ബാധ്യത എത്രയാണെന്ന കണക്കെടുപ്പ് പൂർത്തിയായാല്‍ മാത്രമേ എഴുതിത്തള്ളുന്ന കാര്യം സർക്കാർ പരിഗണിക്കൂ.