വയനാട് ചൂരവല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ധനസഹായം നല്കാന് കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ വി തോമസ്.
സഹായം സമയബന്ധിതമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചിട്ടുണ്ട്.
കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേക താത്പര്യത്തോടെയാണ് കേന്ദ്ര മന്ത്രി ഇടപെട്ടതെന്നും കെ വി തോമസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം തവണയാണ് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുന്നത്.
നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷയുണ്ടാക്കുന്നതാണ്. കേരളവുമായി ബന്ധപ്പെട്ട ഫയലുകള്‍ മന്ത്രി പരിശോധിച്ചു. ദുരന്തവുമായി ബന്ധപ്പട്ട് കേന്ദ്രസംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും കേന്ദ്ര ധനകാര്യസമിതിക്ക് മുന്‍പിലുണ്ടെന്നും കെ വി തോമസ് പറഞ്ഞു.