ദുരന്ത നിവാരണത്തിനു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ആവശ്യമായ പണം നല്കിയിട്ടുണ്ടെന്നും വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ വേണ്ട തുക സംസ്ഥാനത്തിന്റെ കൈവശമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇതു സംബന്ധിച്ച് ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനു കത്തു നല്കിയത്. കേരളത്തിന്റെ ദുരന്ത നിവാരണ ഫണ്ടില്‍ കേന്ദ്രം അനുവദിച്ച 394.99 കോടി രൂപയുണ്ട്. ദുരന്തമുണ്ടാകുമ്ബോള്‍ ദുരന്ത നിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‌കേണ്ടത് ഓരോ സംസ്ഥാനത്തിനും കേന്ദ്രം അനുവദിച്ച ഫണ്ടില്‍ നിന്നാണ്.
2024-25ലേക്കുള്ള സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് കേന്ദ്രം കേരളത്തിന് കൊടുത്തിട്ടുണ്ട്. 388 കോടി (291.20 കോടി കേന്ദ്രവിഹിതം, 96.80 കോടി സംസ്ഥാന വിഹിതം) നടപ്പ് സാമ്ബത്തിക വര്‍ഷം കേരളത്തിന് നല്കി. ഇതിനു പുറമേ കേന്ദ്രം മുന്‍കൂറായി 145കോടിയും നല്കി. സംസ്ഥാനത്തിന്റെ പക്കല്‍ ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരിപ്പായി 394.99 കോടി രൂപയുണ്ടെന്ന് കേരളത്തിന്റെ അക്കൗണ്ടന്റ് ജനറല്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കെ.വി. തോമസ് വഴി പ്രധാനമന്ത്രിക്കു നല്കിയ നിവേദനത്തിനുള്ള മറുപടിയിലാണ് കേന്ദ്രം കണക്കു വ്യക്തമാക്കിയത്.
ദേശീയ ദുരന്തം എന്നൊന്നില്ല
വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ചട്ടങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. ദേശീയ,സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ ചട്ടങ്ങള്‍ പ്രകാരം ഒരു പ്രകൃതിദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല. ഗുരുതരമായ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്ബോള്‍ എന്‍ഡിആര്‍എഫില്‍ നിന്ന് അധിക സാമ്ബത്തിക സഹായം ലഭ്യമാകും. കേന്ദ്രമന്ത്രിതല സംഘം ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച ശേഷം അവരുടെ റിപ്പോര്‍ട്ട് പ്രകാരം അധികസഹായം അനുവദിക്കുകയാണ് ചെയ്യുക, അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തത് കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വമാണെന്ന പ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്.