വയനാട് ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയ സംഭവത്തില്‍ ഐ സി ബാലകൃഷ്ണൻ എംഎല്‍എയുടെ ഓഫീസിലേക്ക് ഇന്ന് സിപിഐഎം മാർച്ച്.
എംഎല്‍എക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. 11 മണിയോടെ മാർച്ച് ആരംഭിക്കും. അതേസമയം മരണങ്ങള് സംബന്ധിച്ച് പോലീസും അന്വേഷണം ഊർജ്ജിതമാക്കി.
സംഭവത്തില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എക്കും കെപിസിസി നേതൃത്വത്തിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയനായ എംഎല്‍എ രാജിവയ്ക്കണമെന്നും സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു.
ആത്മഹത്യയില്‍ കെപിസിസിക്ക് ഉത്തരവാദിത്വമുണ്ട്. ഒന്നരക്കോടിയോളം രൂപ ഉദ്യോഗാർഥികളില്‍നിന്ന് നേതാക്കള്‍ വാങ്ങിയതായി പരാതികൊടുത്തിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് വിജയൻ ജീവനൊടുക്കിയത്.