മുണ്ടക്കൈ പുനരധിവാസം ഒരു വർഷത്തിനുള്ളില്‍ പൂർത്തിയാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം.
ആദ്യമായാണ് പുനരധിവാസം പൂർത്തിയാക്കുന്നത് സംബന്ധിച്ച സമയം പ്രഖ്യാപിക്കുന്നത്.
ഇതോടെ പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കമായി. നേരത്ത, ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യ മന്ത്രിയും ചേർന്നു സ്വീകരിച്ചു. വയനാട് ദുരന്തത്തില്‍ ഇരകളായവരെ പുനരധിപ്പിക്കേണ്ടത് സർക്കാറിന്‍റെ കടമയാണെന്നും ഗവർണർ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ നേട്ടങ്ങളിലൂന്നിയായിരുന്നു സഭയില്‍ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം.
കേരളത്തിലെ തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ ആർലേക്കറുടെത്. സർക്കാർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നല്‍കിയ പ്രസംഗം അതേപടി അംഗീകരിച്ച ഗവർണർ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നാണ് വിവരം. നിയമസഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനത്തോടെയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നയപ്രഖ്യാപനം തുടങ്ങിയത്. ഭരണഘടനാ മൂല്യങ്ങള്‍ നിലനിർത്താനും നവകേരള നിർമാണത്തിനും സർക്കാർ പ്രതിഞ്ജാബദ്ധമാണ്. ദരിദ്ര നിർമാർജനത്തിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സർക്കാർ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ജനാധിപത്യ വികേന്ദ്രീകരണത്തില്‍ സംസ്ഥാനം വലിയ നേട്ടം കൈവരിച്ചെന്നും ഗവർണർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പു വർഷമായതിനാല്‍ സർക്കാറില്‍നിന്നു ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കു സാധ്യതയുണ്ട്. 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയും മറുപടിയുമാണ് സഭയുടെ കാര്യപരിപാടി. ഈ ദിവസങ്ങളില്‍ ചോദ്യോത്തരവേളയില്ലാതെ ശൂന്യവേളയോടെയായിരിക്കും സഭ തുടങ്ങുക. സഭാ ജീവനക്കാർ അന്താരാഷ്ട്ര പുസ്തകോത്സവ തിരക്കിലായതിനെ തുടർന്നുണ്ടായ അസൗകര്യം കാരണമാണ് മൂന്നുദിവസങ്ങളില്‍ ചോദ്യോത്തരവേള ഒഴിവാക്കിയത്.
23ന് സഭ സമ്മേളനത്തിന്‍റെ ആദ്യ സെഷൻ പിരിയും. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ ജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, യു.ആർ. പ്രദീപ് എന്നിവർ സഭാസമ്മേളനത്തിനെത്തി. ഉപതെരഞ്ഞെടുപ്പ് ഫലവും മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ അൻവർ ഉയർത്തിയ ആരോപണങ്ങളും ഉള്‍പ്പെടെ സഭാതലത്തില്‍ ചർച്ചക്കെത്തും. കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ സ്വകാര്യ കമ്ബനിക്ക് പാലക്കാട് കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി നിർമാണശാലക്ക് അനുമതി നല്‍കിയതും സഭയില്‍ ഉയർന്നുവരും.
വയനാട്ടില്‍ ഡി.സി.സി ട്രഷററുടെ ആത്മഹത്യയിലേക്ക് നയിച്ച വിവാദവും ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എക്കെതിരെ ഉയർന്ന ആരോപണങ്ങളും പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ആയുധമാക്കും. സഭയില്‍ ഉയർന്നുവരുമെന്ന് കരുതിയ വനം നിയമഭേദഗതി കഴിഞ്ഞദിവസം സർക്കാർ ഉപേക്ഷിച്ചിരുന്നു.
ഇടവേളക്കുശേഷം ഫെബ്രുവരി ഏഴിന് ബജറ്റ് അവതരണത്തിനായി സഭ വീണ്ടുംചേരും. ഫെബ്രുവരി 10 മുതല്‍ 12 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. 13ന് 2024 -25 സാമ്ബത്തിക വർഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും. മാർച്ച് 28നാണ് സഭ പിരിയുക. സർവകലാശാല നിയമഭേദഗതി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കും.