വയനാട് ലോക്‌സഭാംഗമായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് ലോക്‌സഭയില്‍ ആദ്യ അജണ്ടയായാകും സത്യപ്രതിജ്ഞ ചടങ്ങ്.
മാതാവ് സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും.
പ്രിയങ്ക ഗാന്ധി നവംബര്‍ 30, ഡിസംബര്‍ 1 തീയതികളില്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്കക്കൊപ്പമുണ്ടാകും. ആദ്യദിവസം താഴെ പ്രദേശത്തും പിറ്റേന്ന് മലയോര മേഖലയിലുമാണ് പര്യടനം നടത്തുക.
ഇന്നലെ യുഡിഎഫ് നേതാക്കള്‍ പ്രിയങ്കയെ സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പു സര്‍ട്ടിഫിക്കറ്റ് കൈമാറി. താഴെത്തട്ടില്‍ പ്രവര്‍ത്തനം നയിച്ച ബൂത്ത് കമ്മിറ്റി നേതാക്കളെ കാണാന്‍ ആഗ്രഹിക്കുന്നതായി നേതാക്കളോടു പ്രിയങ്ക പറഞ്ഞു. എംഎല്‍എമാരായ എ പി അനില്‍കുമാര്‍, പി.കെ.ബഷീര്‍, ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റുമാരായ എന്‍.ഡി.അപ്പച്ചന്‍, കെ.പ്രവീണ്‍കുമാര്‍, വി.എസ്.ജോയ്, ഇലക്ഷന്‍ ചീഫ് ഏജന്റും ഡിസിസി പ്രസിഡന്റുമായ കെ.എല്‍.പൗലോസ്, യുഡിഎഫ് നേതാക്കളായ ആര്യാടന്‍ ഷൗക്കത്ത്, സി.പി.ചെറിയ മുഹമ്മദ്, കെ.അഹമ്മദ് എന്നിവരുടെ സംഘമാണ് കൂടിക്കാഴ്ച നടത്തിയത്.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധി 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മേയില്‍ നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുകയും ചെയ്തിരുന്നു.