കനത്ത മഴയാണ് വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന് കാരണമെന്ന് ജിയോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യയുടെ പഠന റിപ്പോർട്ട്.
2018 മുതല്‍ അപകടമേഖയില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ടെന്നും പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നുണ്ട്. ദുരന്തം ഉണ്ടായതിന് പിന്നാലെ ജിയോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യ പ്രാഥമിക പഠനം നടത്തിയിരുന്നു.
അപകടമേഖയിലെ മലയോരമേഖലകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നും റിപ്പോർട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട് .ഭൂപ്രദേശത്തിന്റെ പ്രത്യേകതയ്‌ക്കും, മണ്ണിൻറെ ഘടനയ്‌ക്കുമൊപ്പം വലിയ പാറക്കഷ്ണങ്ങളും ചെളിയും ദ്രുതഗതിയില്‍ ഒഴുകിയെത്തിയതും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ചെരിവുള്ളതും അവിടുത്തെ മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോർട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. നിലവില്‍ വയനാട് ജില്ലയില്‍ യെല്ലോ അലർട്ടാണ് കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലെ പല മേഖലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.