തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനും കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസിനും കണക്ഷനായി മെമു ട്രെയിൻ ഓടിച്ചാല്‍ കാസർകോടിന് വടക്കുഭാഗത്ത് കാഞ്ഞങ്ങാടുനിന്നുള്‍പ്പെടെയുള്ളവർക്ക് തിരുവനന്തപുരത്തെത്താനും തിരിച്ചുവരാനും സൗകര്യപ്രദമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുലർച്ച 5.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് 1.20നാണ് കാസർകോട്ടെത്തുന്നത്. വന്ദേഭാരതിന് തിരുവനന്തപുരത്തെത്തുന്ന യാത്രക്കാരന് വടക്കുഭാഗത്തുള്ള സ്ഥലങ്ങളിലെത്താൻ ഒരുമണിക്കൂർ കാത്തിരിക്കണം. അതിന് എല്ലാ സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇപ്രകാരം കണ്ണൂർ -കാസർകോട് റൂട്ടില്‍ മെമു ട്രെയിൻ ഏർപ്പെടുത്തിയാല്‍ കാസർകോട്ടുനിന്ന് കണ്ണൂർവരെ എല്ലാ സ്റ്റേഷനുകളിലും ഇറങ്ങുന്നവർക്ക് സൗകര്യപ്രദമായിരിക്കും. തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ഉച്ചക്ക് 2.30നാണ് കാസർകോട്ടുനിന്ന് പുറപ്പെടുന്നത്. രാത്രി 10.30ന് തിരുവനന്തപുരത്തെത്തും.
ഇന്റർസിറ്റിക്ക് ശേഷം വൈകീട്ടുവരെ കാസർകോട് ഭാഗത്തേക്ക് പകല്‍വണ്ടിയില്ലെന്ന കുറവ് നികത്താനും ഇതിലൂടെ നികത്താനാകും. വിഷയത്തില്‍ ദക്ഷിണ റെയില്‍വേ അധികൃതരുടെ ശ്രദ്ധക്ഷണിക്കാൻ കാസർകോട് എം.പിയുള്‍പ്പെടെ മുഴുവൻ ജനപ്രതിനിധികളുടെയും സംഘടനകളുടെയും ഇടപെടല്‍ അനിവാര്യമാണെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്‌ലം ആവശ്യപ്പെട്ടു.