കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം അടിയന്തരപ്രമേയമായി ഇന്ന് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അറസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയടക്കം നാലുപേരിൽ ഒതുക്കിയെന്നാണ് ആക്ഷേപം. ബ്രാഞ്ച് സെക്രട്ടറിയും സാധാരണ പ്രവർത്തകരുമടക്കം നാലുപേരെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കേസിലെ പ്രധാന പ്രതിയായ സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ഇതുവരെയും കസ്റ്റഡിയിലെടുത്തിട്ടില്ല
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കവെയാണ് കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെയും എൽഡിഎഫ് പ്രവർത്തകർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ തന്നെ തട്ടിക്കൊണ്ടുപോയത് സിപിഎമ്മുകാരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കൗൺസിലർ കലാ രാജു രംഗത്തെത്തിയിരുന്നു. തന്റെ കാൽ വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും കല രാജു പറഞ്ഞു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു കൗൺസിലറുടെ ആരോപണം.പൊതുജന മദ്ധ്യത്തിൽ വസ്ത്രാക്ഷേപമുൾപ്പെടെ നടത്തിയ സിപിഎമ്മിനൊപ്പം എങ്ങനെ തുടരാൻ കഴിയുമെന്നും കലാ രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കി. ജനപ്രതിനിധിയായ തനിക്ക് ഇതാണ് അനുഭവമെങ്കിൽ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്താകും. സ്ത്രീകളുടെ മാനം കാക്കാൻ തയ്യാറാകാത്തവർക്കൊപ്പം എന്തിന് ഇനിയും നിൽക്കണം. പിന്തുണയ്ക്കുകയും വേണ്ടസഹായങ്ങൾ നൽകുകയും ചെയ്ത കോൺഗ്രസിനൊപ്പം നിൽക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.നഗരസഭ ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫിനെതിരെ വോട്ട് ചെയ്യുമെന്ന സംശയത്താലാണ് കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കലാ രാജുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു