വനനിയമം പറഞ്ഞ് കടിച്ചു തൂങ്ങരുത്,​ നരഭോജി കടുവയായി പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനെ തുടർന്ന്

വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയത് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നെന്ന് വിവരം. പ്രശ്നത്തിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തു. വനനിയമം പറഞ്ഞ് കടിച്ചു തൂങ്ങരുതെന്നും ജനങ്ങളുടെ ജീവന് ആപത്ത് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഉന്നതതല യോഗത്തിന് മുമ്പ് തന്നെ ഇക്കാര്യം വനംമന്ത്രി എ.കെ. ശശീന്ദ്രനെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചു. തുടർന്ന് ദുരന്ത നിവാരണ നിയമ പ്രകാരം ഇടപെടുമെന്ന് ചീഫ് സെക്രട്ടറി വനംമന്ത്രിയെയും സെക്രട്ടറിയെയും അറിയിച്ചു. ഇതോടെയാണ് നരഭോജി കടുവയായി വനംവകുപ്പിന്റെ പ്രഖ്യാപനമുണ്ടായത്
അതേസമയം വയനാട് നരഭോജി കടുവയുടെ ആക്രമണത്തില്‍ സ്ത്രീകൊല്ലപ്പെട്ട സംഭവം ദാരുണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ജനരോഷം സ്വാഭാവികമാണ്. ഇത് ഒരു വീടിന്റെ വിഷയമല്ല, നാടിന്റെ വിഷയമാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. രാധയുടെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് നയിക്കുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് താൻ പറഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ്. മറ്റ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം ആരാഞ്ഞാണ് വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കിയത്. ഉറപ്പ് കൊടുത്ത കാര്യങ്ങൾ നടപ്പിലാക്കിയോ എന്ന് മോണിറ്ററിംഗ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *