കേന്ദ്ര വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എച്ച്.എം.ടി വളപ്പില്‍ കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അനധികൃതമായി പ്രവേശിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി രംഗത്തെത്തി.കഴിഞ്ഞ ദിവസം മരംമുറി സംബന്ധിച്ച വിലയിരുത്തലിനായി വനംമന്ത്രി എച്ച്.എം.ടിയിലെത്തിയതു സംബന്ധിച്ചായിരുന്നു കുമാരസ്വാമിയുടെ പരാമർശം. ‘വനംമന്ത്രി എച്ച്.എം.ടി ഭൂമിയില്‍ അനധികൃതമായി പ്രവേശിച്ചിരിക്കുകയാണ്. എച്ച്.എം.ടി ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പരാതി കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ നിർദേശത്തിനായി കാത്തിരിക്കുകയാണ്.അതിനായി നിയമപരമായി തങ്ങള്‍ പോരാടുമെന്നും എന്നാല്‍, ആ വിഷയം തങ്ങള്‍ പൊതുമധ്യത്തില്‍ ഉന്നയിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. 2022ല്‍ കനറ ബാങ്കിന് നല്‍കിയ ഭൂമിയിലാണ് വനംമന്ത്രി സന്ദർശനം നടത്തിയത്. അത് കനറ ബാങ്കിന് പാട്ടത്തിന് നല്‍കിയതല്ലെന്നും വിറ്റ ഭൂമിയാണെന്നും ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, വനംമന്ത്രി അനാവശ്യമായി വിവാദം സൃഷ്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി.